ഒരു പാർട്ടിയുടെയും ഭാഗമാകില്ലെന്ന് ജിഗ്നേഷ്; ആശങ്കയിൽ കോൺഗ്രസ്

അഹമ്മദാബാദ്∙ ഗുജറാത്തിൽ ബിജെപിയെ താഴേയിറക്കാൻ വിശാലസഖ്യത്തിനൊരുങ്ങുന്ന കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തി ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മെവാനിയുടെ നിലപാട്. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകുന്നില്ലെന്ന് മെവാനി പറഞ്ഞു. എന്നാൽ ബിജെപിയെ താഴെയിറക്കാൻ ആവശ്യമായത് ചെയ്യുമെന്ന് മെവാനി കൂട്ടിച്ചേർത്തു. ഇന്നയാളുകൾക്കു വോട്ടു ചെയ്യാൻ താൻ ആരോടും ആഹ്വാനം ചെയ്യില്ല. എന്നാൽ ഭരണഘടനാ വിരുദ്ധമായ, ദലിത്, പട്ടിദാർ, കർഷക വിരുദ്ധരായ ബിജെപിയെ തകർക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും മെവാനി പറഞ്ഞു.

ബിജെപിക്കെതിരെ പ്രവർത്തിക്കാൻ ഒരു രാഷ്ട്രീയപാർട്ടിയുടെ ഭാഗമാകണമെന്നില്ല. അഖിലേഷ് ഠാക്കൂറും ഹാർദിക്കും ഞാനും പിന്നെ മറ്റു ചില ട്രേഡ് യൂണിയനുകളും ബിജെപിക്ക് എതിരാണ്. സാധാരണക്കാരന്റെ ആവശ്യങ്ങൾക്കായി പോരാടാൻ എങ്ങനെയെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന പരസ്പര ധാരണ മാത്രം മതി. വോട്ടുകൾ ഭിന്നിക്കുമെന്ന് കരുതുന്നില്ലെന്നും മെവാനി പറഞ്ഞു. എല്ലാവർക്കും വികസനമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യം ഗുജറാത്തിൽ സംശയമേതുമില്ലാതെ തകർന്നിരിക്കുന്നു. ഗുജറാത്തിലെ ആറു കോടി ജനങ്ങൾ ബിജെപിയെ താഴെയിറക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും മെവാനി കൂട്ടിച്ചേർത്തു.

മൂന്നു യുവനേതാക്കളും ബിജെപി വിരുദ്ധ വോട്ടുകൾ വാരിക്കൂട്ടുമെന്ന കണക്കുകൂട്ടലിലാണു വിശാലവേദിക്കു കോൺഗ്രസ് ശ്രമം തുടങ്ങിയത്. സംസ്ഥാനത്തു ബിജെപിയുടെ ഉറക്കംകെടുത്തുന്ന പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാർദിക് പട്ടേൽ, ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മെവാനി, പിന്നാക്ക – ദലിത് –ആദിവാസി ഐക്യവേദി നേതാവ് അൽപേഷ് താക്കൂർ എന്നിവരെ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ കോൺഗ്രസ് ക്ഷണിച്ചിരുന്നു. ഹാർദിക് പട്ടേലും കോൺഗ്രസിന്റെ ക്ഷണം നേരത്തെ നിരസിച്ചിരുന്നു. എന്നാൽ ക്ഷണം സ്വീകരിച്ച അൽപേഷ് ഠാക്കൂർ കോൺഗ്രസിൽ ചേർന്നു. 

പട്ടേലുകളുടെ സ്വാധീനവും ദലിതുകളുടെ സാന്നിധ്യവുമുള്ള സൗരാഷ്ട്ര മേഖലയിലെ 58 സീറ്റുകളാണു കോൺഗ്രസിനു നിർണായകം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 സീറ്റ് മാത്രമാണു നേടാനായത്. 88% ഹിന്ദു വോട്ടുള്ള ഗുജറാത്തിൽ അതിൽ അൻപതു ശതമാനത്തോളമാണു പിന്നാക്ക സമുദായങ്ങൾ. ക്ഷത്രിയ, പിന്നാക്ക – ദലിത് – ആദിവാസി സമുദായങ്ങൾക്കിടയിൽ വേരോട്ടമുള്ള അൽപേഷിനെയും എട്ടു ശതമാനം വരുന്ന ദലിതുകളുടെ നേതാക്കളിലൊരാളായ ജിഗ്നേഷിനെയും തേടി കോൺഗ്രസ് എത്തുന്നതിന്റെ രാഷ്ട്രീയം, ഈ മൂന്നു നേതാക്കൾക്കും സമുദായങ്ങൾക്കും 120 മണ്ഡലങ്ങളിലെങ്കിലും അട്ടിമറി സൃഷ്ടിക്കാൻ കഴിയുമെന്നതാണ്. 

പട്ടേൽ, ദലിത്, കർഷക ജിഎസ്ടി പ്രതിഷേധം തുടങ്ങിയ കാരണങ്ങളാൽ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടിൽ പത്തുശതമാനത്തോളം കുറവു വന്നേക്കാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലുമുണ്ട്.