ദലിതരോടുള്ള മനസ്ഥിതി ബിജെപി മാറ്റിയില്ലെങ്കിൽ ബുദ്ധമതത്തിലേക്കു പോകും: മായാവതി

അസംഗഢ്∙ ദലിതരോടുള്ള ബിജെപിയുടെ മനസ്ഥിതി മാറ്റിയില്ലെങ്കിൽ ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്യുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തർപ്രദേശിലെ അസംഗഢിൽ പാർട്ടി നടത്തിയ റാലിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പണ്ട് ബി.ആർ. അംബേദ്കറും അനുയായികളും ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്തതുപോലെ താനും ചെയ്യുമെന്നു മായാവതി വ്യക്തമാക്കിയത്.

ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർ, മതപരിവർത്തനം നടത്തിയവർ തുടങ്ങിയവരോടുള്ള ബിജെപിയുടെ മനസ്ഥിതിയിൽ മാറ്റം വരണം. ഇല്ലെങ്കിൽ ബുദ്ധമതത്തിലേക്കു മാറുന്നതിനു താനും തീരുമാനമെടുക്കും. ജാതി വ്യവസ്ഥയിൽ മനംനൊന്താണ് അംബേദ്കർ ബുദ്ധമതത്തിലേക്കു മാറിയത്. മരിക്കുന്നതിന് ഏതാനും നാളുകൾക്കുമുൻപായിരുന്നു അംബേദ്കറുടെ മതംമാറ്റം.

2014ൽ ശ്രമിച്ചതുപോലെ പാവങ്ങളെയും മധ്യവർഗത്തെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവുമായി ബിജെപി ഇറങ്ങിയിരിക്കുകയാണെന്നും മായാവതി ആരോപിച്ചു. ‘അച്ഛേ ദിൻ’ ലഭിക്കില്ലെന്ന് ബിജെപിക്കുതന്നെ മനസ്സിലായിത്തുടങ്ങി. ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയവ മൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഇതിനു കനത്ത മറുപടി നൽകും. അതിനുശേഷം ലോക്സഭാ തിരഞ്ഞെടുപ്പിലും ഫലമറിയാം.

രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ബിജെപി ഇപ്പോൾ ദുർബലമാക്കി. ജനാധിപത്യത്തെ വലിയൊരു അളവുവരെ ദുർബലമാക്കി. ഏകാധിപത്യ, സ്വേച്ഛപരമായ രീതിയിലാണ് കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നത്. 1975ലെ അടിയന്തരാവസ്ഥാ കാലത്തേക്കാളും മോശമായ അവസ്ഥയിലാണ് സാഹചര്യങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.