പഴംപൊരിയുമായി പ്രതിയുടെ ‘ലോക്കപ്പ് സെൽഫി’; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

തൃശൂർ ∙ ലോക്കപ്പിൽ പഴംപൊരിയുമായി പ്രതി സെൽഫിയെടുത്ത സംഭവത്തിൽ ഗുരുവായൂർ ടെംപിൾ സ്‌റ്റേഷനിലെ മൂന്നു പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ രാഹുൽ ആർ.നായരാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ട്രാഫിക് പൊലീസുകാരനോട് അപമര്യാദയായി പെരുമാറിയതിനു കസ്റ്റഡിയിലെടുത്ത യുവാവാണ് ലോക്കപ്പിൽ സെൽഫിയെടുത്തത്. പ്രതിയുടെ ഫോൺ പിടിച്ചെടുക്കാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.

ഗുരുവായൂരില്‍ കുട്ടികള്‍ക്ക് റോഡു കുറുകെ കടക്കാന്‍ ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക് പൊലീസുകാരെ തെറിവിളിച്ച യുവാവ് സ്റ്റേഷനിലും പരാക്രമം കാട്ടുകയായിരുന്നു. വിദ്യാര്‍ഥികളെ റോഡ് കുറുകെ കടക്കാന്‍ ട്രാഫിക് പൊലീസുകാരന്‍ വണ്ടികൾ തടഞ്ഞപ്പോഴാണ് സംഭവം. ഈ സമയം ബൈക്കില്‍ വന്ന കോട്ടപ്പടി സ്വദേശി അഫ്നാസ് പൊലീസുകാരനെ അസഭ്യം പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ പരാക്രമം കൂടി. സ്റ്റേഷനിലെ മരക്കസേര തല്ലിപ്പൊളിച്ചു.

ഇതുകൂടാതെ, മതസ്പര്‍ത്ഥ പരത്തും വിധം മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു. കാണാനെത്തിയ സുഹൃത്തുക്കള്‍ കൊണ്ടുവന്ന പഴംപൊരി കഴിച്ച് സെല്‍ഫിയെടുത്താണ് അഫ്നാസ് സ്റ്റേഷന്‍ വിട്ടത്. 

പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസുകാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആദ്യം കേസെടുത്തു. മതസ്പര്‍ധ പരത്തുന്ന വിധത്തില്‍ വീഡിയോ സന്ദേശം പ്രചരിപ്പിച്ചതിന് മറ്റൊരു കേസും പൊലീസ് റജിസ്റ്റര്‍ ചെയ്തു.