മൊബൈലില്‍ നോക്കി നടക്കുന്ന കാൽനടയാത്രക്കാർക്കു പിഴയുമായി യുഎസ്

Representational image

ന്യൂയോർക്ക്∙ റോഡിലൂടെ നടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഇനി 35 യുഎസ് ഡോളർ പിഴ! യുഎസിൽ റോഡപകടങ്ങളിൽ ഏറ്റവും അധികം കാൽനടയാത്രക്കാർ കൊല്ലപ്പെട്ടതു കഴിഞ്ഞവർഷമായിരുന്നു. ഇതേത്തുടർന്നെടുത്ത നടപടിക്രമങ്ങളുടെ ഭാഗമായി യുഎസ് സംസ്ഥാനമായ ഹവായിയുടെ തലസ്ഥാനം ഹോണോലുലുവിൽ ബുധനാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. കാൽനടയാത്രക്കാർ ഏത് ഇലക്ട്രോണിക് ഉപകരണം നോക്കി നടന്നാലും പിഴശിക്ഷയുണ്ടാകും. പരമാവധി 35 യുഎസ് ഡോളർ വരെയാണു പിഴ.

റോഡ് സുരക്ഷയുടെ കാര്യത്തിൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കു മാത്രമല്ല കാൽനടയാത്രക്കാർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന ബോധ്യം ഇതോടെ കൈവരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ബിൽ കൊണ്ടുവന്ന സിറ്റി കൗൺസിൽ അംഗം ബ്രാൻഡൺ ഇലെഫെന്റെ പറഞ്ഞു.

2016ൽ 5987 കാൽനടയാത്രക്കാരാണ് യുഎസിൽ കൊല്ലപ്പെട്ടത്. മുൻ വർഷത്തേതിനെ അപേക്ഷിച്ച് ഒൻപതു ശതമാനം വർധനവാണ് ഉണ്ടായത്. ഇതിനുപിന്നിലെ വില്ലൻ സ്മാർട്ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കു നോക്കി നടന്നതാണെന്നാണു വിലയിരുത്തൽ.