മെർസൽ തെലുങ്കിന് സെൻസർ ബോർഡ് അനുമതിയില്ല; റിലീസ് മാറ്റിവച്ചു

ചെന്നൈ∙ വിജയ് നായകനായ ചിത്രം മെര്‍സലിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ അവസാനിക്കുന്നില്ല. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ അദിരിന്ദിയുടെ റിലീസിങ്ങാണ് ഇപ്പോൾ അകാരണമായി പ്രതിസന്ധിയിലായത്. സിനിമയ്ക്കു സെൻസർ ബോർഡ് അനുമതി കൊടുക്കാതിരുന്നതാണ് വിവാദമായി.

വിവാദമായ ജിഎസ്ടി, ഡിജിറ്റൽ‌ ഇന്ത്യ എന്നീ ഭാഗങ്ങൾ വെട്ടിമാറ്റിയിട്ടും അനുമതി ലഭിച്ചില്ലെന്നാണു വിവരം. ഇതോടെ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന റിലീസ് അനിശ്ചിതത്വത്തിലായി. റിലീസ് മാറ്റിവച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. ആറ്റ്ലീ സംവിധാനം ചെയ്ത മെര്‍സലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട പദ്ധതികളായ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ എന്നിവയ്ക്ക് എതിരായ പരാമര്‍ശങ്ങളുണ്ടെന്നും ഇതൊഴിവാക്കണമെന്നുമാണ് ബിജെപിയുടെ വാദം.

ജിഎസ്ടി വിരുദ്ധ പരാമര്‍ശം വാസ്തവ വിരുദ്ധമാണെന്നും പിന്‍വലിച്ചു മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി സിനിമയില്‍ക്കൂടി തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്ക് പിന്തുണയുമായി നിരവധി ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റു പ്രമുഖരും രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണു തെലുങ്കില്‍ റിലീസ് പ്രഖ്യാപിച്ചത്.