ശെൽവരാജിനെ യുഡിഎഫിൽ എത്തിച്ചത് ‘ആ മൂന്നു പേരും’ പറഞ്ഞിട്ട് : പി.സി.ജോർജ്

കോട്ടയം∙ ഇടതു പക്ഷത്തിന്റെ എംഎൽഎ ആയിരുന്ന ആർ. ശെൽവരാജിനെ യുഡിഎഫിലെത്തിച്ചതു സംബന്ധിച്ചു നിർണായക വെളിപ്പെടുത്തലുമായി പി.സി.ജോർജ് എംഎൽഎ. സോളർ കേസിൽ വാസ്തവവിരുദ്ധമായി ഒന്നും ഉണ്ടെന്ന് കരുതുന്നില്ലെന്നും കമ്മിഷൻ റിപ്പോർട്ട് വിശ്വസനീയമാണെന്നും മനോരമ ഒാൺലൈനിന്റെ അഭിമുഖ പരമമ്പരയായ ‘മറുപുറ’ത്തിൽ അദ്ദേഹം പറഞ്ഞു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

∙ സോളർ കേസ് കേരളത്തിലെ ജനങ്ങൾ അറിയുന്നതിനു മുൻപു തന്നെ തനിക്ക് അതേപറ്റി സൂചനകൾ ഉണ്ടായിരുന്നു എന്നു താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട്. സോളർ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിന്മേലുള്ള നടപടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉമ്മൻ‌ചാണ്ടിയും, തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസ്.കെ.മാണിയും പല കേസുകളിലായി അകപ്പെട്ടിട്ടുണ്ട്. താങ്കൾക്ക് എന്താണു തോന്നുന്നത് ? ഇതിലൊക്കെ എന്തെങ്കിലും വാസ്തവം ഉണ്ടോ?

വാസ്തവം ഉണ്ട്. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുവാൻ മാനസികമായി താത്പര്യം ഇല്ല. സംഭവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ ഓഫിസിലും വീട്ടിലും പോയി കണ്ട് ഞാൻ പറഞ്ഞു–വളരെ അപകടമാണ്. അപ്പോൾ അദ്ദേഹം എന്നെ തെറ്റിദ്ധരിക്കുകയും എനിക്കെതിരായി പ്രവർത്തിക്കുകയും ചെയ്തു. മാണിക്ക് മകൻ എന്തു കാണിച്ചാലും സന്തോഷമാണ്. ജോസ്.കെ. മാണിയെക്കുറിച്ച് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല.

അർഹതയില്ലാത്ത സ്ഥാനത്ത് എത്തിയ ആളാണ് ജോസ്.കെ.മാണി.  മാണിയുടെ മകൻ എന്ന ലേബലിൽ കേരളാ കോൺഗ്രസിൽ നിന്ന് എംപി  ആയി.  സോളർ കമ്മിഷന്റെ റിപ്പോർട്ടിന്മേലുള്ള നടപടികൾ പ്രഖ്യാപിച്ച ശേഷം ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ പോയി കണ്ടിരുന്നു. സഖാവിന്റെ ഉദ്ദേശം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ എല്ലാ എംഎൽഎമാരെയും മാണിഗ്രൂപ്പിൽ ലയിപ്പിക്കാനാണോ എന്നു ഞാൻ ചോദിച്ചു. അതെന്താണ് പി.സി അങ്ങനെ പറഞ്ഞത് എന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു. 

ഉമ്മൻചാണ്ടി തന്നെ പ്രഖ്യാപിച്ച അന്വേഷണ കമ്മിഷനോട് റിപ്പോർട്ടു സമർപ്പിക്കാൻ പറഞ്ഞു. രണ്ട് ഐഎഎസുകാർ റിപ്പോർട്ട് പരിശോധിച്ചതിനുശേഷം അതിൽ നടപടി വേണം എന്നു പറഞ്ഞു. അത് കാബിനറ്റിൽ വച്ചു, കാബിനറ്റ് ശരിവച്ചു. അത് പത്രക്കാരോട് പറഞ്ഞു. ഇതിനപ്പുറത്ത് അന്വേഷിക്കേണ്ടത് എന്റെ ജോലിയല്ല. ഇനി പൊലീസ് തീരുമാനിക്കും. ഞാൻ അതിൽ ഇടപെടുന്നില്ല– എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെ അദ്ദേഹം എന്നോട് ചോദിച്ചു– പി.സിയെ ആ സ്ത്രീ വന്നു കണ്ടിട്ടില്ലേ എന്നിട്ട് അവർ പി.സിയുടെ പേരുപറയാഞ്ഞത് എന്താണ് ? ‘ഞാൻ വളരെ മാന്യമായിട്ടാണ് പെൺകുട്ടിയോട് ഇടപെട്ടത്’ എന്നായിരുന്നു എന്റെ മറുപടി. 

ആ പെൺകുട്ടി ഒരു പ്രോസ്റ്റിറ്റ്യൂട്ട് ആണെന്നാണ് എല്ലാവരുടേയും വിചാരം. പക്ഷേ അല്ല. ആ കുട്ടിയെ പെരുമ്പാവൂർ പൊലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിച്ചത് ഞാനാണ്. അവർ ചെയ്ത തെറ്റുകൾ എനിക്ക് ബോധ്യമായി. അസാധ്യ കഴിവുള്ള, അറിവുള്ള, മാന്യയായ പെൺകുട്ടി. ചെങ്ങന്നൂരാണ് സ്വദേശം. ആദ്യം വിദേശത്തു ജോലിയുള്ള ഒരാളെ കല്യാണം കഴിച്ചു. വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനായി വീണ്ടും പഠനം തുടർന്നു അവിടെ വച്ച് ബിജു എന്നയാൾ സ്നേഹിച്ചു പിന്നാലെ കൂടി. പിന്നീട് ബിജുവിന്റെ ഭാര്യയായി. അതിൽ നിന്നു മോചനം നേടേണ്ടി വന്നു.

അതുകഴിഞ്ഞ് സോളർ. 1,60,000 കോടി രൂപയുടെ പ്രൊജക്ടായിരുന്നു. ‘അനർട്ട്’ ആണ് ഈ പ്രൊജക്ട് എടുത്തത്. കേന്ദ്ര പൊതുമേഖല സ്ഥാപനവുമായി ഇതിനു ബന്ധമുണ്ട്. അനർട്ട് ക്വട്ടേഷൻ വിളിച്ചു സൗരോർജ പാനൽ‌ സ്ഥാപിക്കുന്നതിനു തയാറാക്കിയ ലിസ്റ്റിൽ ഈ പെൺകുട്ടിയുടെ പേരും കമ്പനിയും ഇല്ല. ആ കമ്പനിയെ ഉൾപ്പെടുത്താതെ സൗരോർജ പാനൽ ഉണ്ടാക്കാം, പക്ഷേ വിൽക്കാൻ പറ്റില്ല. അനർട്ടിന്റെ ലിസ്റ്റിൽപെട്ടാൽ  മാത്രമേ സബ്സിഡി കിട്ടുകയുള്ളൂ. അതിനുവേണ്ടിയാണ് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, എംഎൽഎ മാർ എന്നിവരെ കാണാൻ പോയത്. അവരെല്ലാം ‘ഇപ്പോൾ ചെയ്തു തരാം’ എന്നു പറഞ്ഞ് എല്ലാം ചെയ്തു കൊടുത്തു. അതാണ് ആ കുട്ടിയുടെ ജീവിതം നശിപ്പിച്ചത്. ആ സാഹചര്യത്തിൽ ഇനി ആ കുട്ടി എന്തു നടപടി സ്വീകരിച്ചാലും ‘യെസ്’ എന്നോ ‘നോ’ എന്നോ ഞാൻ പറയില്ല. ആ കുട്ടി പറഞ്ഞത് ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടതാണ്. മറ്റു വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.

∙ കെ.ബി.ഗണേഷ്കുമാറിന്റെ പേര് ആദ്യം മുതൽ ഇതുമായി ബന്ധപ്പെട്ട് കേൾക്കുന്നതാണ്. പക്ഷേ അന്വേഷണ കമ്മിഷൻ മുൻപാകെ അദ്ദേഹത്തിന്റെ പേരു കേൾക്കുന്നില്ല. എന്തുകൊണ്ടാണിത്?

അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൂറു ശതമാനം ശരിയാണെന്ന് അവിടെ തെളിഞ്ഞു. കാരണം അവൾ ഹൃദയം കൊടുത്തു സ്നേഹിച്ച ആളാണ് ഗണേഷ് കുമാർ. അവർ പരസ്പരസമ്മതത്തോടെ ശാരീരികബന്ധം പുലർത്തിയിട്ടുണ്ടെങ്കിൽ അത് ബലാൽസംഗമാകുന്നതെങ്ങനെ? സഹായം മാത്രമേ ഗണേഷ്  ചെയ്തിട്ടുള്ളൂ എന്നാണ് അവർ പറയുന്നത്. മറ്റുള്ളവർ അങ്ങനെയല്ലല്ലോ ബലാൽക്കാരമായി അവരുടെ ശരീരം പിടിച്ചുപറിക്കുകയായിരുന്നു. ഇതു രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. കമ്മിഷന് അത് ബോധ്യമാവുകയും ചെയ്തു. 

∙ ഉമ്മൻ ചാണ്ടി റിപ്പോർട്ട് പിണറായി വിജയനോട് ചോദിച്ചു പക്ഷേ കൊടുക്കാൻ സാധ്യതയില്ലെന്നുള്ള മറുപടിയാണു കൊടുത്തത്...?

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇത്തരം അബദ്ധങ്ങൾ പറയരുത്. കാരണം ഈ റിപ്പോർട്ട് മൊത്തമായോ ചില ഭാഗങ്ങൾ മാത്രമായോ സ്വീകരിക്കാനും തള്ളാനും മന്ത്രിസഭയ്ക്ക് അവകാശമുണ്ട്. അങ്ങനെ തള്ളുകയോ കൊള്ളുകയോ ഭാഗികമായി സ്വീകരിക്കുകയോ ചെയ്തതിനു ശേഷം റിപ്പോർട്ട് സ്വീകരിച്ച് അതിൽ തുടർനടപടിയുമുണ്ട്. ആ നടപടി സ്വീകരിച്ച് നിയമസഭയിൽ ആണ് ഇതു വയ്ക്കേണ്ടത്. അതല്ലെങ്കിൽ കോടതി ഇടപെടണം. നിയമപരമായി ആർക്കും റിപ്പോർട്ട് കൊടുക്കാൻ കഴിയില്ല. 

∙ സരിത കൊടുത്ത കത്തിൽ പേരുണ്ടെന്നുള്ളതല്ലാതെ എന്തു തെളിവാണ് ഇവർക്കെല്ലാം എതിരെ ഉള്ളത് ?

എന്നെ വിസ്തരിച്ചതു നാലു ദിവസമാണ്. ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചത് 64 മണിക്കൂറാണ്. സരിതയെ ആറോ ഏഴോ ദിവസം വിസ്തരിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയോട് ഏറ്റവും വ്യക്തിപരമായി സ്നേഹമുള്ള ഹൈക്കോടതിയിലെ വളരെ മാന്യനായ ജഡ്ജിയാണ്. അദ്ദേഹത്തെക്കൊണ്ട് കള്ളമെഴുതിക്കാനൊന്നും പറ്റില്ല. അദ്ദേഹത്തിന്റെ റിപ്പോർട്ടിനെപ്പറ്റി കുറ്റപ്പെടുത്തുന്നത് നമ്മൾ മലർന്നു കിടന്ന് തുപ്പുന്നതിനു തുല്യമാകും. 

∙ നെയ്യാറ്റിൻകര എന്നൊരു മണ്ഡലവും ശെൽവരാജ് എന്ന വ്യക്തിയെയും ആരും മറക്കില്ല. അദ്ദേഹത്തെ ഇടതുപാളയത്തിൽ നിന്ന് വലതുപാളയത്തിൽ എത്തിച്ചത് പി.സി.ജോർ‌ജ് ആണെന്നു പലരും പറയുന്നുണ്ട്. ശരിക്കും എന്താണു നടന്നത്?

എന്റെ റോൾ ഒരു ബ്രോക്കറുടേതായിരുന്നു. ശെൽവരാജ് സ്ഥിരമായി എന്റെ അടുത്ത് വരികയും കമ്യൂണിസ്റ്റ് പാർട്ടി വഞ്ചിക്കുന്നു, കടകംപള്ളി അപമാനിക്കുന്നു, ഇനി പാർട്ടിയിൽ തുടരാൻ പറ്റാത്ത അവസ്ഥയാണ് എന്നൊക്കെ പറയുമായിരുന്നു. അങ്ങനെയിരിക്കെയാണ് കേരളത്തിലെ പ്രമുഖരായ മൂന്ന് യുഡിഎഫ് നേതാക്കൾ എന്നെ വിളിക്കുകയും ഞങ്ങൾ സംസാരിക്കുകയും ചെയ്തത്. ശെൽവരാജിന് എന്നെ വിശ്വാസമായിരുന്നു എന്നത് അതിൽ നിന്നു വ്യക്തം.

ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല ഇവർ മൂന്നു പേരും പറഞ്ഞു പി.സി തന്നെ ഇതു കൈകാര്യം ചെയ്യണം എന്ന്. ഒരു രൂപപോലും കൊടുത്തിട്ടില്ല. സിപിഎം വിചാരിക്കുന്നത് പണം കൊടുത്തു എന്നാണ്.  ശെൽവരാജ് ഇങ്ങനെ പോകുമെന്ന വിചാരം ആർക്കുമില്ലായിരുന്നു. നെയ്യാറ്റിൻകരയിൽ ശെൽവരാജ് പത്രസമ്മേളനം നടത്തുമ്പോഴാണ് സിപിഎം ഇത് അറിയുന്നത്. അവരുടെ ചരിത്രത്തിൽ ഏറ്റവും വലിയ സങ്കടകരമായ കാര്യമാണ്.

രാഷ്ട്രീയത്തിൽ ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് വേണ്ടേ? അങ്ങനെ നോക്കുമ്പോൾ സിപിഎം എന്ന പാർട്ടിയിൽ നിന്ന് ഒരാളെക്കൊണ്ട് ഇതു ചെയ്യിക്കാൻ പറ്റിയത് നിസ്സാര കാര്യമല്ല. പിന്നീടാലോചിക്കുമ്പോള്‍ ഇതു വേണ്ടായിരുന്നു എന്നും എനിക്ക് തോന്നിയിട്ടില്ല.