മോദി തരംഗം മാഞ്ഞു, രാജ്യത്തെ നയിക്കാൻ രാഹുൽ പ്രാപ്തൻ: ശിവസേന

മുംബൈ∙ നരേന്ദ്ര മോദി തരംഗം അവസാനിച്ചെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ പ്രാപ്തനാണെന്നും ശിവസേന. ബിജെപിയുമായുള്ള ബന്ധത്തിലെ വിള്ളൽ വർധിപ്പിക്കുന്നതാണ് ശിവസേന എംപി: സഞ്ജയ് റൗത്തിന്റെ അഭിപ്രായ പ്രകടനം.

ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിൽ ഗുജറാത്തിലെ ജനങ്ങൾക്കുള്ള അമർഷം ഒരു മുന്നറിയിപ്പാണ്. ഡിസംബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇത് തിരിച്ചടിയാകുമെന്നും ചാനൽ ചർച്ചയിൽ സഞ്ജയ് റൗത്ത് പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിനോദ് താവ്‍‌ഡെയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു രാജ്യത്തെ നയിക്കാനാകും. പപ്പു എന്ന് അദ്ദേഹത്തെ വിളിക്കുന്നത് തെറ്റാണ്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണ്. ആരെ വേണമെങ്കിലും ജനം ‘പപ്പു’ ആക്കി മാറ്റുമെന്ന്, 2014ലെ തിരഞ്ഞെടുപ്പ് വിജയത്തെ പരാമർശിച്ച് സഞ്ജയ് പറഞ്ഞു. എൻഡിഎ മുന്നണിയിൽ അംഗമാണെങ്കിലും നിരന്തരം മോദിക്കെതിരെ രംഗത്തെത്തുന്ന ശിവസേനയുടെ ഇപ്പോഴത്തെ ആക്രമണം ഗുജറാത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ബിജെപി.