അഹമ്മദ് പട്ടേലിന് തീവ്രവാദ ബന്ധം, എംപി സ്ഥാനം രാജിവയ്ക്കണം: രൂപാനി

അഹമ്മദാബാദ്∙ മുതിർന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. അഹമ്മദ് പട്ടേലിന് ഭീകര സംഘടന ഇസ്‍ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ആരോപിച്ചു.

ഗുജറാത്തില്‍ അടുത്തിടെ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ളയാൾ, അഹമ്മദ് പട്ടേൽ ട്രസ്റ്റിയായ ആശുപത്രിയിലെ ജീവനക്കാരൻ ആയിരുന്നെന്നാണ് ഇതിനു തെളിവായി രൂപാനി ചൂണ്ടിക്കാട്ടിയത്. ഇതൊരു ഗൗരവമുള്ള വിഷയമാണ്​. തീവ്രവാദി​െയ പിടികൂടിയത് പട്ടേൽ നടത്തുന്ന ആശുപത്രിയില്‍ നിന്നാണ്. ഇവരെ പിടികൂടിയില്ലെങ്കിൽ എന്താവുമായിരുന്നു അവസ്ഥ. ഈ സാഹചര്യത്തിൽ പട്ടേൽ എംപി സ്ഥാനം രാജിവയ്ക്കണമെന്നും രൂപാനി ആവശ്യപ്പെട്ടു.

രൂപാനിയുടെ ആരോപണത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും രംഗത്തെത്തി. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അഹമ്മദ് പട്ടേൽ പ്രതികരിച്ചു. ദേശസുരക്ഷാ വിഷയങ്ങളിൽ ബിജെപി രാഷ്ട്രീയം കാണരുത്. സമാധാനകാംക്ഷികളായ ഗുജറാത്തികളെ വിഭജിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും പട്ടേൽ ആവശ്യപ്പെട്ടു.

ഗുജറാത്ത് ഭീകരവിരുദ്ധ സംഘം (എടിഎസ്) രണ്ടു ദിവസം മുൻപ് ഐഎസ് ബന്ധമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാളായ കാസിം സ്റ്റിംബർവാല ബറൂച്ച് ജില്ലയിലെ സർദാർ പട്ടേൽ ആശുപത്രിയിലെ ടെക്നീഷ്യനായിരുന്നു. ഈ ആശുപത്രിയുടെ ട്രസ്റ്റി സ്ഥാനം പട്ടേൽ നേരത്തേ രാജിവച്ചിരുന്നു. എന്നാൽ ആശുപത്രി കാര്യങ്ങളിൽ പട്ടേലിന് ഇപ്പോഴും മേൽക്കൈ ഉണ്ടെന്നാണു രൂപാനിയുടെ ആരോപണം.

ഗുജറാത്ത് എടിഎസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും അറസ്റ്റിലായവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നു താനും പാർട്ടിയും ആവശ്യപ്പെടുന്നതായും അഹമ്മദ് പട്ടേൽ പറഞ്ഞു. ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് ഇത്തരം ആരോപണങ്ങൾ ബിജെപി ഉന്നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.