രാഷ്ട്രീയ പാർട്ടികളിലെ ജനാധിപത്യം: സംവാദം വേണമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി∙ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചു സംവാദത്തിനു തയാറാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്തു സംഘടിപ്പിച്ച ദിവാലി മിലൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടികൾക്കുള്ള ധനസഹായം എപ്പോഴും ചർച്ചയ്ക്കു വിധേയമാകാറുണ്ട്. എന്നാൽ അവയുടെ മൂല്യം, തത്വശാസ്ത്രം, ജനാധിപത്യം എന്നിവയും പുതിയ തലമുറ നേതാക്കൾക്ക് അവസരങ്ങൾ നൽകുന്ന രീതികളുമാണ് സംവാദത്തിനു വിഷയമാകേണ്ടതെന്നും മോദി പറഞ്ഞു.

പാർട്ടിക്കുള്ളിലെ ജനാധിപത്യ പരിശീലനത്തെക്കുറിച്ച് പലർക്കും അറിയില്ല. അതിലേക്കാകണം മാധ്യമങ്ങൾ‌ ജനങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടത്. ജനാധിപത്യ മൂല്യങ്ങള്‍ പാർട്ടികൾക്കു പ്രധാനമല്ലെങ്കിൽ അതു ചർച്ചയ്ക്ക് വിധേയമാക്കണം. പാർട്ടികൾക്കുള്ളിലെ യഥാർഥ ജനാധിപത്യ ബോധത്തിന്റെ വികസനം രാജ്യത്തിന്റെ ഭാവിക്കു മാത്രമല്ല, ജനാധിപത്യത്തിനാകെയും അത്യാവശ്യമാണെന്നാണ് എന്റെ വിശ്വാസം – മോദി കൂട്ടിച്ചേർത്തു.

രാഷ്ട്രീയ എതിരാളികളെക്കുറിച്ച് യാതൊരു പരാമർശങ്ങൾക്കും മോദി മുതിർന്നില്ലെങ്കിലും രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലെ പരാമർശം അദ്ദേഹത്തിനെതിരെയാണെന്നും വിലയിരുത്തലുണ്ട്. പാരമ്പര്യ രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്ന് ബിജെപി പലപ്പോഴും ആരോപിച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ പദ്ധതിയായ സ്വച്ഛ് ഭാരതിനു മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്കും മോദി നന്ദി പറഞ്ഞു. ശുചിത്വത്തിനായി എല്ലാവരും ഒന്നിച്ചു നിന്നില്ലായിരുന്നെങ്കിൽ അതു മറ്റു വിഷയങ്ങളിലും സർക്കാരിനു വെല്ലുവിളിയായേനെ. ഭരണകക്ഷിക്കും മാധ്യമങ്ങൾക്കും പല വിഷയത്തിലും പ്രതീക്ഷകളും പരാതികളുമുണ്ടാകാം. എന്നാൽ ഈ പ്രശ്നങ്ങൾക്കിടയിലും അവർ സന്തുഷ്ടരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.