Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറിനു സാധുതയുണ്ടോ? ഹർജികൾ ഭരണഘടനാ ബെഞ്ചിന്; നവംബറിൽ വാദം

Aadhaar

ന്യൂഡൽഹി∙ ആധാറിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിശോധിക്കാൻ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ഹര്‍ജികളില്‍ നവംബര്‍ അവസാനവാരം മുതല്‍ ബെഞ്ച് വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

സിബിഎസ്ഇ വിദ്യാർഥികൾ 10, 12 ക്ലാസ് പരീക്ഷ എഴുതണമെങ്കിൽ ആധാർ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് സംശയങ്ങളെല്ലാം തീർക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോ വാദം കേള്‍ക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

വാദം അടുത്ത വര്‍ഷത്തിലേക്ക് മാറ്റുകയാണെങ്കില്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് അതുവരെ നീട്ടിവയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തുടര്‍ന്നാണു നവംബര്‍ അവസാനവാരം ഹര്‍ജികള്‍ കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. എന്നാൽ മൊബൈൽ ഫോൺ‌ നമ്പർ, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷാപദ്ധതി തുടങ്ങിയവയ്ക്ക് ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2018 മാർച്ച് 31ലേക്ക് നീട്ടിയ കാര്യം സർക്കാർ കോടതിയിൽ സൂചിപ്പിച്ചില്ല.

നേരത്തേ, സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാ അവകാശമായി സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് (ജസ്റ്റിസ് റോഹിൻടൻ നരിമാൻ വിയോജിച്ചു) അംഗീകരിച്ചിരുന്നു. ആധാർ ഹർജികൾ കേൾക്കാൻ വേറെ ബെഞ്ച് വേണമെന്ന് അന്ന് ജസ്റ്റിസ് നരിമാൻ ആവശ്യപ്പെടുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് ആധാറുമായി ബന്ധപ്പെട്ട് അഞ്ചംഗ സുപ്രധാന ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്.

അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് ആരാഞ്ഞ കോടതി, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ വ്യക്തിയെന്ന നിലയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇതിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

related stories