വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ മുന്നേറ്റം; മോദിയെ പുകഴ്ത്തി ലോകബാങ്ക്

ന്യൂഡൽഹി∙ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റം. മുപ്പതു സ്ഥാനങ്ങള്‍ മുന്നോട്ടു കയറിയ ഇന്ത്യ പട്ടികയിൽ 100–ാം സ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിനു പിന്നിലെന്നു ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ധനമന്ത്രി അരുൺ ജയ്റ്റ്ലി വാർത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

വ്യവസായങ്ങൾ തുടങ്ങാൻ അനുയോജ്യമായ 190 രാജ്യങ്ങളുടെ പട്ടികയാണ് ലോകബാങ്ക് പുറത്തുവിട്ടത്. ഈവർഷം ഏറ്റവും കൂടുതൽ പ്രവർത്തന മികവു കാട്ടിയ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യപത്തിലും ഇന്ത്യ സ്ഥാനം നേടിയിട്ടുണ്ട്. അടിസ്ഥാന മാറ്റങ്ങൾ വരുത്തിയ ഏകരാജ്യവും ഇന്ത്യയാണ്. 2003 മുതൽ നിർദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്കാരങ്ങളിൽ പകുതിയോളം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് നേട്ടത്തിനു പിന്നിലെന്നും ലോകബാങ്കിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നു തെളിയിക്കുന്നതാണു ലോകബാങ്കിന്റെ റിപ്പോർട്ടെന്ന് അരുൺ ജയ്റ്റ്ലി പറഞ്ഞു. ആദ്യ 100 ൽ സ്ഥാനം നേടിയ ഇന്ത്യയ്ക്ക് അടുത്തുതന്നെ 50ൽ എത്താൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.