പട്ടേലിന്റെ പാരമ്പര്യം മുൻ സർക്കാർ അവഗണിച്ചു: കോൺഗ്രസിനെതിരെ മോദി

സര്‍ദാര്‍ പട്ടേലിന്‍റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച്‌ ഡൽഹിയിൽ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു. (ചിത്രത്തിനു കടപ്പാട്: പിഐബി, ട്വിറ്റർ)

ന്യൂഡല്‍ഹി∙ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്‍റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച്‌ ഡൽഹിയിൽ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയെ ഒന്നിപ്പിച്ചതിന്‍റെ പ്രധാന ശിൽപി സര്‍ദാര്‍ പട്ടേലാണ്. സ്വാതന്ത്ര്യത്തിനു മുന്‍പും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും പട്ടേല്‍ രാജ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ ആർക്കും മറക്കാനാകില്ല. എന്നാൽ മുൻ സർക്കാരുകൾ പട്ടേലിനെ ഓർത്തില്ലെന്നു കോൺഗ്രസിനെ ലക്ഷ്യംവച്ച് മോദി പറഞ്ഞു. വെല്ലുവിളികളില്‍നിന്നു രാജ്യത്തെ സംരക്ഷിക്കാൻ പട്ടേൽ മുന്നിട്ടിറങ്ങി. രാജ്യത്തെ വൈവിധ്യങ്ങളെ അതിന്‍റെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാകണമെന്നു മോദി ആഹ്വാനം ചെയ്തു.

ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.