കോൺഗ്രസ് പാർട്ടി ഇപ്പോൾ ‘ലാഫിങ് ക്ലബ്ബാ’യി മാറി: പ്രധാനമന്ത്രി മോദി

കങ്ഗ്ര (ഹിമാചൽ പ്രദേശ്)∙ കോൺഗ്രസ് പാർട്ടി ഇപ്പോൾ ഒരു ‘ലാഫിങ് ക്ലബ്ബാ’യി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി തീരെയുണ്ടാകില്ലെന്ന് ഉറപ്പുനൽകി അധികാരത്തിലേറിയ കോൺഗ്രസ് മുഖ്യമന്ത്രി തന്നെ കോഴ ആരോപണത്തിൽ പെട്ടിരിക്കുകയാണ്. ദേവഭൂമിയായ ഹിമാചൽ പ്രദേശിനെ രാക്ഷസന്മാരുടെ കയ്യിൽനിന്നു രക്ഷിക്കേണ്ട സമയം വന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി ഇല്ലാതാക്കുമെന്ന് പ്രകടന പത്രികയിലൂടെ ഉറപ്പുനൽകിയ മുഖ്യമന്ത്രി വീരഭദ്ര സിങ്ങാണ് കോഴയാരോപണം നേരിടുന്നതെന്ന കാര്യം നിങ്ങൾക്കു വിശ്വസിക്കാൻ സാധിക്കുമോ. കോൺഗ്രസ് ഒരു ചിരി ക്ലബ് ആയി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്വയം ജാമ്യത്തിൽ നടക്കുന്നയാളാണ്. കേന്ദ്രസർക്കാർ ഇപ്പോൾ ഒരു ശുചിത്വ യജ്ഞത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് എവിടെയൊക്കെ തിരഞ്ഞെടുപ്പു വരുന്നുണ്ടോ അവിടെയെല്ലാം ഈ പഴയ പാർട്ടിയെ (കോൺഗ്രസ്) തുടച്ചുമാറ്റുന്നതിനാണ് ശ്രമം. ഹിമാചലിനെ കവർച്ചക്കാരിൽനിന്നു രക്ഷിക്കേണ്ട സമയം എത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞു.

ദോക്‌ലായിലെ അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാടിനെയും മോദി വിമർശിച്ചു. പ്രശ്നം കൈകാര്യം ചെയ്തത് എങ്ങനെയാണെന്നതു രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ചതാണ്. കോൺഗ്രസും ഇതു ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു. ദശാബ്ദങ്ങളോളം ഇന്ത്യ ഭരിച്ച കുടുംബത്തിലെ ഒരാൾ നമ്മുടെ സൈന്യത്തെയും ഏജൻസികളേയും വിശ്വാസിലെടുത്തില്ല. അതിനുപകരം ചൈനയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ട് ദോക്‌ലായെക്കുറിച്ചു ചർച്ച നടത്തുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ച് മോദി പറഞ്ഞു.

ദോക്‌ലാ സംഘർഷസമയത്ത് രാഹുൽ ഗാന്ധി ചൈനീസ് അംബാസഡർ ലുവോ സാവോഹുയെ കണ്ടതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. 68 അംഗ നിയമസഭയിലേക്ക് ഈമാസം ഒൻപതിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 18നാണ് വോട്ടെണ്ണൽ.