മുക്കം ഗെയിൽ വിരുദ്ധ സമരം: അറസ്റ്റിലായവരെ ക്രൂരമായി മർദിച്ചെന്ന് പരാതി

മുക്കം∙ ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ സമരം നടത്തിയവരെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. സമരം നടന്ന പരിസരത്തെ വീടുകളില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്ത നെല്ലിക്കാപ്പറമ്പ് സ്വദേശി മുഹമ്മദ് നബീലിനാണ് മർദനമേറ്റത്. രാവിലെ വീട്ടിൽ കയറിയാണ് നബീലിനെ അറസ്റ്റ് ചെയ്തത്.

വീടുകളില്‍ കയറി പരിശോധന നടത്തിയ പൊലീസ് നിരവധിപേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷങ്ങളുടെ പേരില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രക്ഷോഭം നടക്കുന്ന മുക്കത്ത് വ്യാഴാഴ്ചയും സംഘര്‍ഷമുണ്ടായി. സംസ്ഥാനപാതയിൽ തടികളും ടയറുകളും ഉപയോഗിച്ച് തീയിട്ട് പ്രതിഷേധക്കാര്‍ ഗതാഗതം മുടക്കി. തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോൾ വ്യാപകമായ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ബുധനാഴ്ചത്തെ സംഘർഷത്തിന്റെ തുടർച്ചയായാണു വീണ്ടും പ്രശ്നമുണ്ടായത്. ഇതുവരെ മുപ്പതിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ, മുക്കത്തെ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്ന നയമല്ലെന്ന് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ തുറന്നടിച്ചു. സർക്കാർ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് അവരെ വിശ്വാസത്തിലെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. യോജിപ്പിന്റെ വഴിതേടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൽപര കക്ഷികളാണ് പ്രശ്നമുണ്ടാക്കുന്നതെന്നാണു സിപിഎം നിലപാട്. മുക്കത്തെ സമരം തെറ്റിദ്ധാരണമൂലമാണെന്നും പ്രശ്നങ്ങളുണ്ടാക്കുന്നത് തല്‍പരകക്ഷികളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മുക്കത്തെ ഗെയില്‍വിരുദ്ധ സമരത്തിനിടെ ബുധനാഴ്ചത്തെ അക്രമത്തിനുപിന്നിൽ തീവ്രസ്വഭാവമുള്ള സംഘടനകളാണെന്നാണ് പൊലീസ് നിലപാട്. വിഷയം ചര്‍ച്ചചെയ്യാന്‍ ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍റെ നേതൃത്വത്തില്‍ മുക്കം സ്റ്റേഷനില്‍ അടിയന്തരയോഗം ചേര്‍ന്നു. എന്നാല്‍ സമരം ശക്തമായി തുടരുമെന്നും തിരഞ്ഞെടുപ്പിനു മുന്‍പ് സമരത്തെ പിന്തുണച്ച സ്ഥലം എംഎല്‍എ ഇപ്പോള്‍ നിലപാടു മാറ്റിയത് ദുരൂഹമാണെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

അതേസമയം, ഗെയിൽ സമരസമിതി മലപ്പുറം നഗരത്തിൽ ഒന്നര മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. പ്രകടനമായെത്തിയ സമരക്കാരെ രാവിലെ കലക്ടറേറ്റിനു മുന്നിൽ തടഞ്ഞെങ്കിലും മടങ്ങിപ്പോയ പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാന്‍ഡിനു മുൻപിൽ ദേശീയപാത ഉപരോധിക്കുകയായിരുന്നു. മുക്കം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോട്ടക്കൽ മരവട്ടത്ത് നടത്താനിരുന്ന പ്രതിഷേധം മലപ്പുറത്തേക്ക് മാറ്റുകയായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നൂറുകണക്കിനു പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു.