മോദിയും കൂട്ടരും രാജ്യത്തിപ്പോൾ ഹിംസ ആഘോഷിക്കുന്നു: മണിശങ്കർ അയ്യർ

മലപ്പുറം ∙ ഗാന്ധിവിരുദ്ധ രാഷ്്ട്രീയ നിലപാടുമായി അധികാരത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ചരിത്രപരമായി സമാധാനം ആഘോഷിച്ചിരുന്ന രാജ്യത്തിപ്പോൾ മോദിയും കൂട്ടരും ഹിംസ ആഘോഷമാക്കുകയാണ്. സമാധാനം പ്രചരിപ്പിച്ച ബുദ്ധനും അശോകനുമാണ് സംഘപരിവാറിന്റെ ആദ്യശത്രുക്കൾ. 

സമാധാനത്തിനു വേണ്ടി നിലകൊണ്ടതാണ് മഹാത്മാഗാന്ധിയെ വി.ഡി.സവർക്കറുടെയും ഗോൾവർക്കറുടെയും ഏറ്റവും വലിയ ശത്രുവാക്കി മാറ്റിയത്. ഗാന്ധിയുടെയും നെഹ്റുവിന്റെയും ഇടപെടൽമൂലം ഇന്ത്യക്കാരുടെ പൗരുഷം നഷ്ടമായെന്നാണ് സംഘപരിവാർ പ്രചാരണം. പൗരുഷം വീണ്ടെടുക്കാനെന്ന പേരിൽ ജനങ്ങൾക്കുള്ളിൽ വെറുപ്പ് നിറക്കുകയാണ് സംഘപരിവാറെന്നും മണിശങ്കർ അയ്യർ പറഞ്ഞു. എം.പി.ഗംഗാധരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമണിക്കൂറോളം പ്രസംഗത്തിൽ മോദിയെയും ബിജെപിയെയും മണിശങ്കർ അയ്യർ കടന്നാക്രമിച്ചു.

മണിശങ്കർ അയ്യരുടെ പ്രസംഗത്തിൽനിന്ന്

∙ എ.ബി.വാജ്പേയി ബിജെപിയുടെ പ്രധാനമന്ത്രിയായിരുന്നെങ്കിലും അദ്ദേഹം നെഹ്റുവിയൻ ആശയങ്ങൾ വലതുപക്ഷ വ്യതിയാനത്തോടെ നടപ്പാക്കാനാണ് ആഗ്രഹിച്ചത്. വാജ്പേയി മൂന്നുതവണ പ്രധാനമന്ത്രിയായിട്ടും ജനങ്ങൾ ഭയപ്പെടാതിരുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വാസമുള്ളതുകൊണ്ടാണ്. മോദി പ്രധാനമന്ത്രിയായത് ജനം ഭയത്തോടെയാണ് കാണുന്നത്. ഗുജറാത്തിൽനിന്നുള്ള രക്തക്കറ പുരണ്ട ചെരുപ്പു ധരിച്ചാണ് മോദി പാർലമെന്റിലേക്കു കയറിയത്. ഗുജറാത്ത് കലാപത്തിന്റെ ഇരകളെ സന്ദർശിക്കാൻ അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി തയാറായില്ല. പ്രധാനമന്ത്രി വാജ്പേയി, ഷാ ആലം ദുരിതാശ്വാസ ക്യാംപ് കാണാൻ പോകുമ്പോൾ മോദിക്കു കൂടെപ്പോകേണ്ടിവരികയായിരുന്നു.

∙ പുരാതന വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു നളന്ദ, തക്ഷശില സർവകലാശാലകൾ രണ്ടു സ്ഥലങ്ങളിലായിരുന്നു എന്ന സാമാന്യവിവരം പോലും മോദിക്കില്ല. ഡൽഹി സർവലകാശാലയിലും ഗുജറാത്ത് സർവകലാശാലയിലുമായി ബിരുദവും എംഎയും ചെയ്തെന്നു പറയുന്നുണ്ടെങ്കിലും തെളിവുകളില്ല. പ്രധാനമന്ത്രിയാകാൻ ബിരുദം ആവശ്യമില്ല. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും ബിരുദമുണ്ടായിരുന്നില്ല. പക്ഷേ, അവർ തങ്ങൾക്ക് ബിരുദമുണ്ടെന്നു തെളിയിക്കാൻ ശ്രമിച്ചിട്ടുമില്ല. 

∙ മഹാത്മാഗാന്ധിയെയും അദ്ദേഹത്തിന്റെ ആശ്രമങ്ങളെയും കണ്ടാണ് രാജ്യം ശുചിത്വത്തെക്കുറിച്ചു പഠിച്ചത്. ശുചിത്വം രാജ്യത്തിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. യുപിഎ സർക്കാരിന്റെ സമ്പൂർണ ശുചിത്വ പരിപാടി (ടിഎസ്പി) സ്വച്ഛ് ഭാരത് പദ്ധതിയാക്കുകയാണ് മോദി ചെയ്തത്. രാജ്യം കാത്തിരുന്ന സ്വാതന്ത്ര്യദിന അഭിസംബോധനയിൽ ശുചിമുറി വൃത്തിയാക്കുന്നതിനെ കുറിച്ച് സംസാരിച്ച ആദ്യപ്രധാനമന്ത്രിയാണ് മോദി.