ജാതി രാഷ്ട്രീയമല്ല, എന്റേത് മോദിവിരുദ്ധ രാഷ്ട്രീയം: അൽപേഷ്

അഹമ്മദാബാദ്∙ സീറ്റിനെച്ചൊല്ലി ഗുജറാത്ത് കോൺഗ്രസ് നേതൃത്വവുമായി തർക്കമില്ലെന്ന് അൽപേഷ് ഠാക്കൂർ. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയാറാണ്. തന്റേത് ജാതി രാഷ്ട്രീയമല്ല, മോദിവിരുദ്ധ രാഷ്ട്രീയമാണെന്നും അൽപേഷ് പറഞ്ഞു. പിന്നാക്ക, ദലിത്, ആദിവാസി വിഭാഗങ്ങളുടെ ഐക്യവേദിയുണ്ടാക്കി ബിജെപിക്കു തലവേദനയായ അൽപേഷ്, തിരഞ്ഞെടുപ്പിന് ചൂടുപിടിച്ചതോടെയാണു കോൺഗ്രസ് അംഗമായത്. 

രാഹുൽ ഗാന്ധിക്ക് അൽപേഷിനോടുള്ള താൽപര്യക്കൂടുതലാണ് പാർട്ടിയിലെ അതൃപ്തിക്കു കാരണം. സംസ്ഥാന നേതൃത്വത്തെ നോക്കുകുത്തിയാക്കുന്നെന്നാണു വിമർശനം. 15 സീറ്റുകളാണ് അൽപേഷിന്റെ ആവശ്യം. ജന്മനാടായ വിരംഗാമിൽ നിന്ന് മൽസരിക്കാൻ അൽപേഷ് നീക്കം നടത്തുന്നുമുണ്ട്. കോൺഗ്രസ് 125 സീറ്റു നേടുമെന്ന് അൽപേഷ് അവകാശപ്പെട്ടു. അൽപേഷ് പക്ഷത്തിന് ഒൻപത് സീറ്റുകൾ വരെ നൽകിയേക്കുമെന്നാണ് സൂചന.