ഭീകരതയ്ക്കെതിരെ ഒന്നിച്ചു പോരാടണം; ആസിയാനിൽ പ്രധാനമന്ത്രി മോദി

മനില∙ ഭീകരതയ്ക്കെതിരെ പോരാടണമെന്ന് ആസിയാൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെയും വിഘടനവാദത്തിനെതിരെയും ഒറ്റയ്ക്കു പോരാടി നാം ബുദ്ധിമുട്ടിയിരിക്കുകയാണ്. ഇതിനെതിരെ ഒന്നിച്ചു പോരാടാനുള്ള സമയം ആഗതമായിരിക്കുന്നു. നിയമത്തിൽ അധിഷ്ഠിതമായ പ്രാദേശിക സുരക്ഷ രൂപകൽപന ചെയ്യുന്നതിന് ഇന്ത്യ എല്ലാവിധ സഹായങ്ങളും നൽകും. മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനം വളർത്തുന്നതിനും ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആസിയാൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ പസഫിക് മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്യത്തിനുമായി രൂപീകരിച്ച ചതുര്‍രാഷ്ട്രസഖ്യത്തിൽ കൂടുതൽ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ആസിയാൻ ഉച്ചകോടി വേദിയായി. ദക്ഷിണചൈനക്കടലില്‍ സ്വതന്ത്രവും സുതാര്യവുമായ സഞ്ചാരനീക്കം വേണമെന്നും ചതുര്‍രാഷ്ട്രസഖ്യം ആവശ്യപ്പെടുന്നു. ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം കൃത്രിമദ്വീപായ സ്പ്രാറ്റ്്ലിയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പല്‍ കടന്നത് യുഎസ് – ചൈന ബന്ധത്തെ വഷളാക്കിയിരുന്നു.

അതേസമയം, ആസിയാന്‍ ഉച്ചകോടിക്കിടെ ന്യൂസിലന്‍ഡ്, ജപ്പാന്‍, വിയറ്റ്്നാം, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി. മ്യാന്‍മാര്‍ കൂടി അംഗമാണെങ്കിലും റോഹിങ്ക്യന്‍ വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ ആസിയാന്‍ ഉച്ചകോടിയില്‍ ഉണ്ടായില്ല. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർടുമായി കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിരോധരംഗത്തെ സഹകരണത്തിനുൾപ്പെടെ നാലു കരാറുകൾ ഒപ്പു വച്ചു.