ദേവികുളം സബ് കലക്ടറെ നിയന്ത്രിക്കുന്നത് മറ്റാരോ: എസ്. രാജേന്ദ്രൻ എംഎൽഎ

മൂന്നാർ∙ തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള വിവാദത്തിനിടെ സിപിഐ വകുപ്പുകൾക്കെതിരെ ആഞ്ഞടിച്ച് ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ. മൂന്നാറിൽ സർക്കാരിനെതിരെ സമരം ചെയ്യേണ്ട സ്ഥിതിയാണ്. റവന്യു–വനം വകുപ്പുകൾ മൂന്നാറിലെ ഭൂമി പ്രശ്നങ്ങൾ വഷളാക്കാൻ ശ്രമിക്കുകയാണ്. ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറിനെ നിയന്ത്രിക്കുന്നത് മറ്റാരോ ആണ്. പ്രേംകുമാർ ഐഎഎസ് പരീക്ഷ പാസായത് കോപ്പിയടിച്ചാണെന്നും രാജേന്ദ്രൻ ആരോപിച്ചു.

മന്ത്രിസഭായോഗത്തിൽ ‘അസാധാരണമായി’ ഇടഞ്ഞ സിപിഐയ്ക്കെതിരെ സിപിഎം പോർമുഖം തുറന്നതിനു പിന്നാലെയാണ് എസ്. രജേന്ദ്രന്റെ വിമർശനം. രാജേന്ദ്രന്റെ നേതൃത്വത്തിൽ സിപിഐയെ ഒഴിവാക്കി മൂന്നാർ സംരക്ഷണ സമിതിക്കു രൂപം നൽകിയിരുന്നു. സമിതി പത്ത് പഞ്ചായത്തുകളിൽ 21ന് ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സിപിഐയുടെ റവന്യൂ, വനം വകുപ്പുകള്‍ക്കെതിരായ സമരത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികൾ, വ്യാപാരികൾ, ഹൈറേഞ്ച് സംരക്ഷണ സമിതി എന്നിവരെ കൂട്ടുപിടിച്ചാണു സമിതിയുടെ പ്രക്ഷോഭം. പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് ജോയ്സ് ജോർജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയ നടപടിയാണു പ്രതിഷേധത്തിനു കാരണം. നിവേദിത പി.ഹരൻ റിപ്പോർട്ട് തള്ളിക്കളയുക, ദേവികുളം സബ് കലക്ടറുടെ ജനവിരുദ്ധ നടപടികൾ റദ്ദാക്കുക, പട്ടയങ്ങൾ റദ്ദാക്കുന്ന നടപടികൾ പിൻവലിക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങൾ.

എന്നാൽ ജോയ്സ് ജോർജ് എംപി ഭൂമി കയ്യേറിയിട്ടില്ലെന്ന നിലപാടുമായി സിപിഐ മറുതന്ത്രം മെനഞ്ഞു തുടങ്ങിക്കഴിഞ്ഞു.