കുടുംബത്തിന് പൊലീസ് പീഡനം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

കൊച്ചി ∙ ജില്ലാ ജഡ്ജി സഞ്ചരിച്ച കാറുമായി ഉരസിയെന്നാരോപിച്ചു ആറംഗ കുടുംബത്തെ പൊലീസ് പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. ഉയർന്ന ഉദ്യോഗസ്ഥനെക്കൊണ്ട് സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. വൃക്കരോഗിയും കൈക്കുഞ്ഞും ഉൾപ്പെട്ട കുടുംബത്തെയാണു രണ്ടു ജില്ലകളിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി ആറു മണിക്കൂർ പീഡിപ്പിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ ജില്ലാ ജഡ്ജി സഞ്ചരിച്ച കാറുമായി ഉരസിയെന്നാരോപിച്ചു സ്റ്റേഷനുകൾ തോറും വലിച്ചിഴച്ച കുടുംബത്തെ ഒടുവിൽ പെറ്റിക്കേസ് പോലുമില്ലാതെയാണ് വിട്ടയച്ചത്. കഴിഞ്ഞദിവസം ദേശീയപാതയിൽ കൊരട്ടി ചിറങ്ങരയിലുണ്ടായ സംഭവത്തിന് ആലുവ, ചാലക്കുടി, കൊരട്ടി പൊലീസ് സ്റ്റേഷനുകളിലാണു കുടുംബം മാനസിക പീഡനത്തിനിരയായത്. ഡ്രൈവറുടെ നിയമലംഘനത്തിന് യാത്രക്കാരായ സ്ത്രീകളെയോ കുഞ്ഞുങ്ങളെയോ സ്റ്റേഷനിൽ കൊണ്ടുപോകരുതെന്നും കുടുംബമായി സഞ്ചരിക്കുന്ന വാഹനം പെറ്റിക്കേസിൽ പെട്ടാൽ തടഞ്ഞുവയ്ക്കരുതെന്നും ഡിജിപിയുടെ നിർദേശമുള്ളപ്പോഴാണിത്. സംഭവത്തിൽ പൊലീസിനെതിരെ വ്യാപക വിമർശനമുണ്ട്.

പാലക്കാട് വടക്കഞ്ചേരിയിൽ നിന്ന് കൊച്ചിയിലേക്കു പോകുകയായിരുന്നു പുതുപ്പറമ്പിൽ നിധിൻ, വൃക്കരോഗിയായ പിതാവ് തോമസ്, മാതാവ് ലിസി, സഹോദരി നീതു, ഭാര്യ അഞ്ജു, രണ്ടു വയസുകാരി മകൾ ജോവാന എന്നിവർ. രാവിലെ ഒൻപതരയോടെ കൊരട്ടി ചിറങ്ങരയിലാണു സംഭവങ്ങളുടെ തുടക്കം. ഒരേ ദിശയിലായിരുന്നു ഇരു കാറുകളും. ജഡ്ജിയുടെ കാർ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യുകയും തന്റെ കാറിന്റെ ഇടതുവശത്തെ കണ്ണാടിയിൽ തട്ടുകയും ചെയ്തെന്നാണു നിധിന്റെ ആരോപണം. ജഡ്ജിയുടെ കാർ നിർത്താതെ പോയെങ്കിലും തൊട്ടടുത്തു ചിറങ്ങരയിൽ ട്രാഫിക് സിഗ്നലിൽ കുടുങ്ങി.  

ദൃക്സാക്ഷികളായ ചില ബൈക്ക് യാത്രികരും സ്വകാര്യ ബസ് ജീവനക്കാരും ജഡ്ജിയുടെ ഡ്രൈവറെ ചോദ്യം ചെയ്തു. ഈ സമയം ഡ്രൈവർ കാറിൽ നിന്നിറങ്ങി തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചെന്നാണു നിധിന്റെ ആരോപണം. ജഡ്ജി പിൻസീറ്റിൽ ഇരുന്നതല്ലാതെ പുറത്തിറങ്ങിയില്ല. ഹൈവേ പൊലീസ് വന്നിട്ടു തർക്കം തീർക്കാം എന്നു നിധിൻ പറഞ്ഞപ്പോൾ നീ പൊലീസിനെയോ പട്ടാളത്തെയോ വിളിച്ചോളൂ എന്നു പറഞ്ഞു ഡ്രൈവർ കാറുമായി കടന്നു. എന്നാൽ, പതിനൊന്നോടെ ആലുവ തോട്ടയ്ക്കാട്ടുകരയിൽ എത്തിയപ്പോൾ നിധിന്റെ കാർ ആലുവ ട്രാഫിക് പൊലീസ് നാടകീയമായി തടഞ്ഞു. 

കുടുംബാംഗങ്ങളുമായി കാർ ആലുവ ട്രാഫിക് സ്റ്റേഷനിലെത്തിച്ചു. വാഹനത്തിന്റെ രേഖകളുടെ പകർപ്പ് വാങ്ങിയശേഷം പന്ത്രണ്ടരയോടെ ചാലക്കുടിക്ക് അയച്ചു. ചാലക്കുടിയിൽ സിഐയെ കാണാനായിരുന്നു നിർദേശം. വിശപ്പും ദാഹവുമായി ഏറെ നേരം കാത്തിരുന്നിട്ടും സിഐ എത്തിയില്ല. വൃക്കരോഗിയായ തോമസ് ഇതിനിടെ അവശനായി. അപ്പോഴേക്കും എസ്ഐയെ കണ്ടാൽ മതിയെന്നു നിർദേശം കിട്ടി. എസ്ഐയും സ്ഥലത്തുണ്ടായിരുന്നില്ല. രണ്ടരയോടെ ഒരു എഎസ്ഐ എത്തി കൊരട്ടി സ്റ്റേഷനിലേക്കു പോകാൻ നിർദേശിച്ചു. കൊരട്ടി സ്റ്റേഷനിൽ വൈകിട്ട് അഞ്ചു മണിവരെ നിർത്തിയശേഷമാണു നിധിനെയും കുടുംബത്തെയും വിട്ടയച്ചത്.  

എന്താണ് തങ്ങൾ ചെയ്ത കുറ്റമെന്ന് ഇവർ മൂന്നിടത്തും പൊലീസിനോടു ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പിടിച്ചു നിർത്താനാണു പറഞ്ഞതെന്നും വിട്ടയയ്ക്കാൻ പറയുമ്പോൾ വിടുമെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണമെന്നു നിധിൻ പറഞ്ഞു.  ചാലക്കുടി പൊലീസിന്റെ നിർദേശപ്രകാരമാണു കാറും അതിലുണ്ടായിരുന്നവരെയും തടഞ്ഞു സ്റ്റേഷനിലേക്കു കൊണ്ടുപോയതെന്ന് ആലുവ പൊലീസ് പറയുന്നു.

ജഡ്ജിയുടെ കാറിൽ ഇടിച്ചിട്ടു നിർത്താതെ പോയെന്നും അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ഫോണിൽ അറിയിച്ചതനുസരിച്ചാണു കാർ പിടികൂടാൻ മറ്റു സ്റ്റേഷനുകളിലേക്കു സന്ദേശം നൽകിയതെന്നാണു ചാലക്കുടി പൊലീസിന്റെ വിശദീകരണം. രേഖാമൂലം പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നു പറഞ്ഞതിനാൽ താക്കീത് നൽകി വിട്ടയച്ചെന്നു കൊരട്ടി പൊലീസ് വിശദീകരിക്കുന്നു. മോട്ടോർ വാഹനവകുപ്പിന്റെ രേഖകളിൽനിന്നു ലഭിച്ച നമ്പറിൽ പ്രതികരണത്തിനായി ന്യായാധിപനെ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല.