രാജ്യാന്തര കോടതി ജഡ്ജി തിരഞ്ഞെടുപ്പ് ഇന്ന്: ഇന്ത്യയ്ക്കു നിർണായകം

ന്യൂയോർക്ക്∙ രാജ്യാന്തര കോടതി ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യ – ബ്രിട്ടൻ മൽസരം നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് പലതരത്തിൽ ഇന്ത്യയ്ക്കു നിർണായകം. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമാണ് രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). ഇന്ത്യയുടെ ദൽവീർ ഭണ്ഡാരിയും ബ്രിട്ടന്റെ ക്രിസ്റ്റഫർ ഗ്രീൻവുഡും തമ്മിലാണു മൽസരം. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ – പാക്കിസ്ഥാൻ തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ യുഎൻ സമിതികൾക്കും ഏജൻസികൾക്കും അവർ ആവശ്യപ്പെടുമ്പോൾ കോടതി നിയമോപദേശം നൽകുന്നു. ഈ സ്ഥാനം രാജ്യാന്തര തലത്തിൽ വൻ പ്രാധാന്യം ലഭിക്കുന്നതുമാണ്. ഇക്കാരണത്താൽ തിരഞ്ഞെടുപ്പിനെ നിർണായകമായാണ് ഇന്ത്യ കാണുന്നത്.

Read: രാജ്യാന്തര കോടതി: ഇന്ത്യൻ വിജയം തടയാൻ പിൻവാതിലിലൂടെ ബ്രിട്ടൻ

യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾക്കായി ഇന്ത്യ വർഷങ്ങളായി പ്രചാരണം നടത്തുന്നുണ്ട്. പ്രമുഖ രാജ്യങ്ങളെല്ലാം ഇക്കാര്യത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നു. ഈ പിന്തുണ എത്രയെന്നു യഥാർഥത്തിൽ അറിയാനുള്ള ‘ലിറ്റ്മസ്’ ടെസ്റ്റ് കൂടിയാണ് ഇന്ത്യയ്ക്ക് ജഡ്ജി തിരഞ്ഞെടുപ്പ്. യുഎൻ പൊതുസഭയിൽ ഇന്ത്യയ്ക്കു ലഭിക്കുന്ന സ്വീകാര്യതയുടെ അടയാളമാണ് ഭണ്ഡാരിയുടെ തിരഞ്ഞെടുപ്പ്. മാത്രമല്ല, അത്തരമൊരു പദവിയിൽ ഇന്ത്യക്കാരനെത്തുമ്പോൾ രാജ്യത്തിനു ലഭിക്കുന്ന അഭിമാനം വളരെ വലുതാണെന്നും ഈ രംഗത്തെ പ്രമുഖർ വിലയിരുത്തുന്നു.

ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷൻ ജാദവിന്റെ കേസിൽ അന്തിമവിധി ഈ ഡിസംബറിൽ പ്രഖ്യാപിക്കാനിരിക്കുകയാണ്. അടുത്തിടെ, അഡ് ഹോക് ജഡ്ജിയായി പാക്കിസ്ഥാൻ ഒരാളെ രാജ്യാന്തര കോടതിയിൽ നിയമിച്ചിരുന്നു. അതിനാൽ ഭണ്ഡാരി പരാജയപ്പെട്ടാൽ കോടതിയിൽ ഇന്ത്യയുടെ ജഡ്ജിയില്ലാത്ത അവസ്ഥ വരും.

പഴയകാല പ്രതാപത്തോടെയിരിക്കുന്ന ബ്രിട്ടനിൽനിന്ന് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് അധികാരം കൈമാറ്റം ചെയ്യാനുള്ള വിമുഖതയാണ് അവസാനനിമിഷത്തിലും കൈവിട്ടുകൊടുക്കാതിരിക്കാൻ ബ്രിട്ടനെ പ്രേരിപ്പിക്കുന്നത്. യുഎന്നിന്റെ 70 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ‘വരേണ്യവർഗത്തിലെ’ അഞ്ചുരാജ്യങ്ങളിൽനിന്നൊരാൾ ഇല്ലാത്ത ലോക കോടതിയുണ്ടായിട്ടില്ല.