രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്; ശശികലയുടെ ആവശ്യം തള്ളി

ന്യൂഡൽഹി / ചെന്നൈ∙ അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന്. ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല – ദിനകരൻ വിഭാഗത്തിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെ വി.കെ.ശശികലയുടെയും ഒ.പനീർസെൽവത്തിന്റെയും നേതൃത്വത്തിൽ പിളർന്നപ്പോഴാണു തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം മരവിപ്പിച്ചത്.

ഒ.പനീർസെൽവത്തിന്റെ പരാതിയെത്തുടർന്നായിരുന്നു നടപടി. ഒപിഎസ്-ഇപിഎസ് ലയനത്തോടെ സത്യവാങ്‌മൂലങ്ങൾ പിൻവലിക്കാൻ ഇരുവിഭാഗവും തയാറായിരുന്നു. എന്നാൽ ദിനകരപക്ഷം അവകാശവാദവുമായി രംഗത്തെത്തിയതോടെ വീണ്ടും തർക്കമായി.

തങ്ങളാണ് ഔദ്യോഗിക പക്ഷമെന്ന് തെളിയിക്കാൻ ഇപിഎസ് – ഒപിഎസ് വിഭാഗം വിളിച്ച ജനറൽ കൗൺസിൽ യോഗത്തിൽ 90 ശതമാനത്തിലധികം പേർ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പളനിസാമി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവുണ്ടായിരിക്കുന്നത്. അണ്ണാ ഡിഎംകെയുടെ ഭരണഘടനപ്രകാരം പാർട്ടിയുടെ പരമോന്നത സമിതി ജനറൽ കൗൺസിലാണ്.

അതിനിടെ ചിഹ്നം ലഭിക്കാൻ കൈക്കൂലി നൽകിയെന്ന ആരോപണമുയർന്നതിനെ തുടർന്ന് ടി.ടി.വി.ദിനകരനെ അറസ്റ്റു ചെയ്തിരുന്നു. രണ്ടില ചിഹ്നം ലഭിക്കാൻ ഇടനിലക്കാരൻ വഴി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നതായിരുന്നു കേസ്.