സാങ്കേതികവിദ്യ തുണച്ചു; സബ്സിഡികളിൽ 65,000 കോടി ലാഭം: പ്രധാനമന്ത്രി

ന്യൂഡൽഹി∙ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളും ഗുണങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാർ ഉൾപ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സർക്കാരിനു നേടാനായി. അഞ്ചാമത് സൈബർ സ്പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദ്വിദിന സമ്മേളനത്തിൽ 120 രാജ്യങ്ങളിലെ 10,000 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ദ്രുതവേഗത്തിലുള്ള മാറ്റത്തെക്കുറിച്ചാണു പ്രസംഗത്തിൽ മോദി എടുത്തുപറഞ്ഞത്. വലിയ കംപ്യൂട്ടറുകളിൽ‌നിന്ന് കൈപ്പിടിയിൽ ഒതുങ്ങുന്ന സ്മാർട്ട് ഫോണിലേക്കും ഗാഡ്ജറ്റുകളിലേക്കും സാങ്കേതികവിദ്യ മാറി. രണ്ടു പതിറ്റാണ്ടിനിടെ സൈബർ സ്പേസിൽ വലിയ മാറ്റങ്ങളാണുണ്ടായത്. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തുടങ്ങിയവ സാധാരണമായെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്കു സബ്സിഡികൾ നേരിട്ടു നൽകാൻ (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ– ഡിബിടി) സാങ്കേതികവിദ്യയുടെ സമന്വയം ഏറെ സഹായിച്ചു. ആധാർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ സംയോജിപ്പിച്ച് സബ്സിഡി നേരിട്ടു കൊടുത്തതോടെ ഏകദേശം 65,000 കോടി രൂപ (10 ബില്യൻ ഡോളർ) സർക്കാരിനു ലാഭിക്കാനായി.

മികച്ച സേവനവും ഭരണവും വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ കണ്ടെത്തലുകളും ആളുകളിലെത്താൻ സാങ്കേതികവിദ്യ സഹായിക്കുന്നു. ‘ഡിജിറ്റൽ ഇന്ത്യ’ ലോകത്തിലെ വലിയ സാങ്കേതികവിദ്യാ പരിപാടിയാണ്. ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ എന്നിവ സമന്വയിപ്പിച്ച ‘ജാം’ അഴിമതി കുറയ്ക്കാനും സുതാര്യത കൂട്ടാനും സഹായിച്ചു. ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ ഇന്ത്യക്ക് സബസ്ഡിയിനത്തിൽ 10 ബില്യൻ ഡോളർ സംരക്ഷിക്കാനായി.

നരേന്ദ്ര മോദി ആപ് ജനങ്ങളുമായി ആഴത്തിൽ ബന്ധപ്പെടാൻ തന്നെ സഹായിക്കുന്നു. ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാകണം. സൈബർ സുരക്ഷ ആകർഷകമായ ജോലിയാകണം. സൈബർ പോരാളികളെ നമുക്ക് ആവശ്യമാണ്. ഭീകരവാദം പോലുള്ള ദുഷ്ടശക്തികളുടെ വിളനിലമാകരുത് സൈബർ ഇടങ്ങൾ. സ്വകാര്യതയും തുറവിയും തമ്മിൽ സംതുലനം വേണം. രാജ്യസുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.