ക്ഷേത്ര ദർശനത്തിനെത്തിയ രാഹുലിന്റെ പേര് ‘അഹിന്ദു റജിസ്റ്ററിൽ’, വിവാദം

ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയപ്പോൾ.

ന്യൂഡൽഹി∙ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഹിന്ദുവാണോ അതോ അഹിന്ദുവോ? തിരഞ്ഞെടുപ്പു പോരാട്ടത്തിനിടെ ഗുജറാത്തിൽ പുതിയ വിവാദം. ഇതിനു വഴിമരുന്നിട്ടതാകട്ടെ ബുധനാഴ്ച രാവിലെ പ്രചാരണത്തിനു മുന്നോടിയായി രാഹുൽ നടത്തിയ സോമനാഥ ക്ഷേത്ര സന്ദർശനവും. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി അഹിന്ദുക്കൾ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തേണ്ട റജിസ്റ്ററിൽ രാഹുൽ ഗാന്ധിയുടെയും പേര് എഴുതിച്ചേർത്തതാണു വിവാദമായത്.

രാഹുലിന്റെ മീഡിയ കോ–ഓർഡിനേറ്റർ മനോജ് ത്യാഗിയാണു അദ്ദേഹത്തിന്റെയും കോൺഗ്രസ് എംപി അഹമ്മദ് പട്ടേലിന്റെയും പേര് റജിസ്റ്ററിൽ എഴുതിയതെന്നാണ് റിപ്പോർട്ട്. എന്നാൽ മാധ്യമപ്രവർത്തകരെ അകത്തേക്കു പ്രവേശിപ്പിക്കാൻ വേണ്ടി തന്റെ പേരു മാത്രമാണു റജിസ്റ്ററിൽ എഴുതിയതെന്നു ത്യാഗി പ്രസ്താവനയിൽ വ്യക്തമാക്കി. രാഹുലിന്റെയും പട്ടേലിന്റെയും പേരുകൾ എഴുതിച്ചേർത്തതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ക്ഷേത്രം ഭാരവാഹികൾ ഇതു നിഷേധിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ക്ഷേത്രദർശനങ്ങളെ വിമർശിച്ച് നേരത്തേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ രംഗത്തുവന്നിരുന്നു. ക്ഷേത്രത്തിൽ എങ്ങനെ ഇരിക്കണമെന്നു പോലും അറിയാത്തയാളാണ് രാഹുലെന്നായിരുന്നു യോഗിയുടെ വിമർശനം. ഇത്തരം വിമർശനങ്ങളുടെ തുടർച്ചയെന്നവണ്ണം സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ബിജെപി ക്യാംപിന്റെ ശ്രമം. ഇതിന്റെ ആദ്യനീക്കം ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാൾവിയയിൽ നിന്നു തന്നെയുണ്ടായി. അവസാനം രാഹുൽ തന്റെ മതവിശ്വാസത്തിന്റെ കാര്യത്തിൽ നയം വ്യക്തമാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഹിന്ദുമതത്തിൽ വിശ്വാസമില്ലെങ്കിൽ പിന്നെന്തിനാണ് രാഹുൽ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതെന്ന ചോദ്യവും അമിത് ഉന്നയിച്ചു.

രാഹുലിന്റെ സോമനാഥ ക്ഷേത്ര സന്ദർശനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രൂക്ഷഭാഷയിലാണു വിമർശിച്ചത്. സോമനാഥ
ക്ഷേത്രം നിർമിക്കുന്നതിൽ നെഹ്റുവിന് താത്പര്യമില്ലായിരുന്നു. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതുമാണ്. തന്റെ കുടുംബത്തിലെ പൂർവികർ തന്നെ പറഞ്ഞ ഇക്കാര്യം രാഹുൽ ഗാന്ധിക്ക് ഓർമയുണ്ടോയെന്നും മോദി ചോദിച്ചു. സർദാർ വല്ലഭായ് പട്ടേല്‍ ഇല്ലായിരുന്നെങ്കിൽ സോമനാഥ ക്ഷേത്രനിർമാണം നടക്കുമായിരുന്നില്ലെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

രാഹുലിന്റെ ക്ഷേത്രദർശനം ബിജെപി ക്യാംപിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് ഉറപ്പായ സാഹചര്യത്തിൽ മനഃപൂർവം വിവാദത്തിനുള്ള ശ്രമമാണോ ‘റജിസ്റ്റർ സംഭവ’മെന്നും സംശയിക്കുന്നുണ്ട്. രാഹുൽ ഗാന്ധി തന്നെയാണ് തന്റെ പേര് അഹിന്ദുക്കൾക്കായുള്ള റജിസ്റ്ററിൽ എഴുതിയതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ‘രാഹുൽ ഗാന്ധി ജി’ എന്ന് ബഹുമാനാർഥമാണ് റജിസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഇത് രാഹുൽ സ്വയം എഴുതിയതാകാൻ സാധ്യതയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

താനല്ല രാഹുലിന്റെ പേര് എഴുതിയതെന്ന മനോജ് ത്യാഗിയുടെ പ്രസ്താവന കൂടിയെത്തിയതോടെ സംഭവം കൂടുതൽ സംശയങ്ങളിലേക്കു നീങ്ങുകയാണ്. എന്നാൽ സോമനാഥ ക്ഷേത്രത്തിലെ പബ്ലിക് റിലേഷൻ ഓഫിസർ ധ്രുവ് ജോഷി പറയുന്നത് രാഹുലിന്റെയും അഹമ്മദ് പട്ടേലിന്റെയും പേര് ത്യാഗി തന്നെയാണ് എഴുതിയതെന്നാണ്.

അതേസമയം കോൺഗ്രസ് നേതാക്കളും രാഹുലിന് പിന്തുണയുമായെത്തിയിട്ടുണ്ട്. രാഹുലിന്റെ ഗുജറാത്തിലെ ക്യാംപെയ്‌നിൽ വിരണ്ട ബിജെപി തിരഞ്ഞെടുപ്പിൽ ധ്രുവീകരണം നടത്തി വോട്ടുതട്ടാനുള്ള ശ്രമങ്ങളാണ് ഇത്തരം നീക്കങ്ങളിലൂടെ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദ്ര ഹൂഡ പറഞ്ഞു.

ശിവഭക്തനാണെന്ന കാര്യം രാഹുൽ ഗാന്ധി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും സത്യം വൈകാതെ പുറത്തുവരുമെന്നും ഹൂഡ വ്യക്തമാക്കി. ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ രാഹുൽഗാന്ധിയുടെ മതവിശ്വാസം കൊണ്ടുപിടിച്ച ചർച്ചയായിക്കഴിഞ്ഞു.