Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അജ്ഞാത’ സന്ദേശം അയയ്ക്കുന്ന ആപ്പുകൾക്കെതിരെ എന്തുനടപടി? കോടതി

Mobile-App

ന്യൂഡൽഹി∙ വ്യക്തിത്വം മറച്ചു വച്ച് ‘അജ്ഞാത’ സന്ദേശങ്ങൾ അയയ്ക്കാൻ സഹായിക്കുന്ന സമൂഹമാധ്യമങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും നിരോധിക്കണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. സൗദി ആസ്ഥാനമായുള്ള ‘സറാഹ’ എന്ന ആപ്ലിക്കേഷനും വെബ്സൈറ്റിനുമെതിരെ നൽകിയ ഹർജിയിലാണു കോടതിയുടെ നിർദേശം.

ഇത്തരം ആപ്ലിക്കേഷനുകൾ സൈബർ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മറ്റുള്ളവരെ അപമാനിക്കുന്നതിന് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും ആവശ്യമെങ്കിൽ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നടപടി എടുക്കുകയാണെങ്കിൽ അത് എത്രയും പെട്ടെന്നു വേണം. ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവിറക്കുകയോ നടപടിയെടുക്കുകയോ ചെയ്താൽ വിവരങ്ങൾ ഹർജിക്കാരനെ അറിയിക്കാനും നിർദേശമുണ്ട്. അഭിഭാഷകനായ ഷദാബ് ഹുസൈൻ ഖാനാണ് ഹർജി നൽകിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സർക്കാർ അതോറിറ്റികളെ പലതവണ സമീപിച്ചിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു.

ഹർജിയിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനെയും ആഭ്യന്തര വകുപ്പിനെയും കക്ഷി ചേർത്തിട്ടുണ്ട്. സറാഹ കൂടാതെ ‘അജ്ഞാത’ സന്ദേശങ്ങളയയ്ക്കാൻ സഹായിക്കുന്ന എല്ലാത്തരം വെബ്സൈറ്റുകളെയും ആപ്ലിക്കേഷനുകളെയും നിരോധിക്കാനും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇത്തരം സംവിധാനങ്ങളിൽ നിന്ന് ഷദാബിനും സഹപ്രവർത്തകർക്കും ലഭിച്ച മോശം സന്ദേശങ്ങളെപ്പറ്റിയും ഹർജിയിൽ വിവരിച്ചിരുന്നു.