ജാതിയുടെയും മതത്തിന്റെയും പേരിൽ കോൺഗ്രസ് സമൂഹത്തെ വിഭജിക്കുന്നു: പ്രധാനമന്ത്രി

ബറൂച്ച്∙ ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തെ വിഭജിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഈ മാസം ഒൻപതിനു നടക്കാനിരിക്കെ ബറൂച്ച് ജില്ലയിലെ ഒരു റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹോദരങ്ങൾക്കിടയിൽ മതിൽ പണിയാനാണ് കോൺഗ്രസിന്റെ ശ്രമം. ഒരു ജാതി മറ്റൊന്നുമായി ഏറ്റുമുട്ടുന്ന സാഹചര്യമാണ് കോൺഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു മതം മറ്റൊരു മതവുമായി ഏറ്റുമുട്ടുന്നു, മോദി കൂട്ടിച്ചേർത്തു.

എന്താണ് കോൺഗ്രസിന്റെ ശ്രമമെന്ന് ഗുജറാത്തിലെ ജനങ്ങൾക്ക് അറിയാം. ഓരോ സമയത്തും ഓരോ നിറമാണ് കോൺഗ്രസിന്. അവർ സഹോദരങ്ങൾക്കിടയിൽ മതിൽ പണിയാൻ ശ്രമിക്കുകയാണ്. നിങ്ങളെ പരസ്പരം പോരടിപ്പിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ ചിലപ്പോൾ മരിച്ചേക്കാം. എന്നാൽ അതിൽനിന്നു നേട്ടം കൊയ്യാനാണു കോൺഗ്രസിന്റെ ശ്രമം, പ്രധാനമന്ത്രി വ്യക്തമാക്കി.

ശനിയാഴ്ചയാണ് ബറൂച്ച് ഉൾപ്പെടുന്ന സ്ഥലങ്ങളിലെ വോട്ടെടപ്പ്. രണ്ടു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടം 14നാണ്. 182 അംഗ നിയമസഭയിലേക്കു നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം 18ന് അറിയാം.