കോൺഗ്രസിൽ ഇനി ഒൗറംഗസേബ് ഭരണം: പരിഹസിച്ച് പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്∙ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ ഒൗറംഗസേബിനോട് ഉപമിച്ചും പാർട്ടി അധ്യക്ഷനായി രാഹുലിന്‍റെ കിരീടധാരണമാണ് നടക്കുന്നതെന്നു പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിവിനല്ല കുടുംബാധിപത്യത്തിനാണു കോണ്‍ഗ്രസില്‍ ഇടമെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള രാഹുലിന്റെ വരവിനെയും നെഹ്റു– ഗാന്ധി കുടുംബത്തെയും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ മോദിയും ബിജെപിയും കടന്നാക്രമിക്കുന്നത് തുടരുകയാണ്. അതിന്റെ തുടർച്ചയായാണു പുതിയ ആരോപണം.

മുഗള്‍ ഭരണകാലത്ത് ഷാജഹാനുശേഷം മകന്‍ ഒൗറംഗസേബ് വന്നതുപോലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതെന്നു വല്‍സദിലെ റാലിയിലാണ് മോദി പറഞ്ഞത്. ചക്രവര്‍ത്തിയുടെ കാലശേഷം മകന്‍ അധികാരമേറ്റെടുക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അങ്ങിനെ കോണ്‍ഗ്രസില്‍ ഒൗറംഗസേബ് ഭരണത്തിനു തുടക്കമായി. അധ്യക്ഷ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുപ്പല്ല നടക്കുന്നത്. കോണ്‍ഗ്രസിനകത്ത് ജനാധിപത്യമില്ലെന്നും മോദി കുറ്റപ്പെടുത്തി. 

പൂര്‍ണമായും ജനാധിപത്യപരമായാണ് അധ്യക്ഷ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും പാർട്ടി അംഗമായ ആര്‍ക്കും മല്‍സരിക്കാമെന്നും മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ മറുപടി പറഞ്ഞു. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതുകൊണ്ടാണു മോദി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നു മുൻ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ പ്രതികരിച്ചു. രാഹുല്‍ മൃദുഹിന്ദുത്വം പയറ്റുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണു മുഗള്‍ ഭരണവുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്തി മോദി രംഗത്തെത്തിയത്.