റെയിൽവേ സ്റ്റേഷനിൽ ഒാൺലൈൻ ടാക്സികൾക്കു പാർക്കിങ്: 11ന് ഓട്ടോ, ടാക്സി പണിമുടക്ക്

കൊച്ചി∙ എറണാകുളം സൗത്ത്, നോർത്ത്, ആലുവ സ്റ്റേഷനുകളിൽ ഒാൺലൈൻ ടാക്സികൾക്കു പാർക്കിങ് പെർമിറ്റ് അനുവദിച്ച െറയിൽവേ നടപടിയിൽ പ്രതിഷേധിച്ചു ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകൾ 11നു പണിമുടക്കും. ആയിരക്കണക്കിനു രൂപ കെട്ടിവച്ചാണു ഓട്ടോ, ടാക്സി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനുകളിൽ പെർമിറ്റ് എടുത്തിരിക്കുന്നത്. കോർപ്പറേറ്റുകൾക്കു സ്റ്റാൻഡ് ലൈസൻസും പെർമിറ്റും നൽകുക വഴി സാധാരണ തൊഴിലാളികളുടെ ജീവിതം വഴിമുട്ടും. കൂടുതൽ സ്റ്റേഷനുകളിലേക്കു ഒാൺലൈൻ ടാക്സികൾക്കു െപർമിറ്റ് നൽകാനുള്ള നീക്കം പ്രതിഷേധാർഹമാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാകും പണിമുടക്കെന്നു കോഒാർഡിനേഷൻ കമ്മിറ്റി കൺവീനർ എം.ബി. സ്യമന്തഭദ്രൻ അറിയിച്ചു.

എന്നാൽ ബെംഗളൂരു, മംഗളൂരു, കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനുകളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതി വ്യാപിപ്പിക്കുക മാത്രമാണു ചെയ്തിരിക്കുന്നതു റെയിൽവേ അധികൃതർ പറഞ്ഞു. ജനങ്ങൾക്കു അധിക യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു നടപടി. നിലവിൽ സ്റ്റേഷനിൽനിന്നു സർവീസ് നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കില്ല. സ്മാർട് ഫോണില്ലെന്ന കാരണത്താൽ യാത്രക്കാരനു ഓൺലൈൻ സേവനം ലഭിക്കാതിരിക്കരുതെന്ന കാരണത്താലാണു ഓൺലൈൻ ടാക്സികളുടെ സഹായ കേന്ദ്രങ്ങൾ അനുവദിച്ചത്.

ഏതു വാഹനത്തിൽ യാത്ര ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യാത്രക്കാരനാണെന്നും റെയിൽവേയ്ക്ക് അതിൽ ഇടപെടൻ കഴിയില്ലെന്നും അധികൃതർ പറഞ്ഞു. എറണാകുളം ജില്ലയിലെ മൂന്നു സ്റ്റേഷനു പുറമേ തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും ഓൺലൈൻ ടാക്സി സൗകര്യം വൈകാതെ ലഭ്യമാകും.