വക്കീൽ ഫീസ് നിയന്ത്രിക്കണം, തൊഴിലി‍ൽ ധാർമികത വേണം: സുപ്രീംകോടതി

ന്യൂഡൽഹി∙ ഭീമമായ തുക ഫീസ് വാങ്ങി അഭിഭാഷകവൃത്തി വ്യവസായമാക്കുന്നതിന് എതിരെ സുപ്രീംകോടതി. അഭിഭാഷകര്‍ വലിയ ഫീസ് ചോദിക്കുമ്പോൾ പാവപ്പെട്ടവർക്കു നീതി നിഷേധിക്കപ്പെടുകയാണ്. ആശങ്ക പരിഹരിക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

‘നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് അഭിഭാഷകർ എന്നതിൽ സംശയമില്ല. എന്നാൽ കേസ് നടത്താൻ കക്ഷികളിൽനിന്ന് ‘ആകാശംമുട്ടുന്ന’ ഫീസാണ് ചില അഭിഭാഷകർ ചോദിക്കുന്നത്. ഇത് പാവങ്ങൾക്കു നീതി കിട്ടാൻ പ്രയാസമുണ്ടാക്കും. അഭിഭാഷക തൊഴിലിന്റെ ധാർമികത നിലനിർത്താൻ കേന്ദ്രം ഇടപെടേണ്ട സമയമായി. തൊഴിലിൽ ധാർമികതയില്ലെങ്കിൽ നീതി ഉറപ്പാക്കാൻ അഭിഭാഷകർക്കു സാധിക്കുമോ ?’– സുപ്രീംകോടതി ചോദിച്ചു.

സുപ്രീംകോടതിയുടെ വിവിധ വിധിപ്രസ്താവങ്ങളും നിയമ കമ്മിഷന്റെ റിപ്പോർട്ടും പരിഗണിച്ച ജസ്റ്റിസുമാരായ ആദർശ് കെ.ഗോയൽ, യു.യു.ലളിത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണു സുപ്രധാന ഉത്തരവ്. അഭിഭാഷകര്‍ വാങ്ങുന്ന ഫീസിന് നിയന്ത്രണം കൊണ്ടുവരണം. പണമില്ലാത്തതിനാല്‍ പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കാനിട വരരുത്. കക്ഷികൾക്കു കോടതി നല്‍കുന്ന ധനസഹായത്തിന്റെ വിഹിതം അഭിഭാഷകർ ആവശ്യപ്പെടുന്നത് കോടതി അലക്ഷ്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അഭിഭാഷക മേഖലയില്‍ നിയന്ത്രണ സംവിധാനം വേണമെന്ന് ലോ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കമ്മിഷന്റെ 266–ാം റിപ്പോർട്ടാണിത്. അഭിഭാഷകരുടെ തൊഴിൽപരമായ അധാർമികതയും കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിന് കാരണമാണ്. അന്യായമായ സമരങ്ങൾ മൂലം വിവിധ ഹൈക്കോടതികളിൽ അനവധി തൊഴിൽദിനങ്ങളാണു നഷ്ടപ്പെടുന്നത്. കേസുകളുടെ പെട്ടെന്നുള്ള തീർപ്പാക്കൽ തടയാൻ അഭിഭാഷകർ ശ്രമിക്കുന്നു. ലോ കമ്മിഷന്റെ റിപ്പോർട്ടുകൾ പരിഗണിച്ച് ശക്തമായ നിയമം നടപ്പാക്കാൻ കേന്ദ്രം തയാറാകേണ്ട സമയം അതിക്രമിച്ചെന്നും സുപ്രീംകോടതി വ്യക്തമാക്കി.