ലോക സാംസ്കാരിക ഉൽസവം യമുനയ്ക്കു നാശം വരുത്തി: ഹരിത ട്രൈബ്യൂണൽ

ലോക സാംസ്കാരിക ഉൽസവത്തിനുശേഷം യമുനാതീരത്തെ നിർമിതികൾ പൊളിച്ചുമാറ്റുന്നു. (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ലോക സാംസ്‌കാരിക ഉൽസവം യമുനാ നദിയുടെ പരിസ്ഥിതിക്കു കാര്യമായ നാശം വരുത്തിയെന്നും അതിന് ഉത്തരവാദികൾ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ്ങാണെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ. എന്നാൽ നേരത്തേ ചുമത്തിയതിൽ കൂടുതൽ പിഴ ചുമത്താൻ ട്രൈബ്യൂണൽ തയാറായില്ല. ആർട്ട് ഓഫ് ലിവിങ് പിഴ അടച്ചതിനുശേഷം വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ ഡൽഹി വികസന അതോറിറ്റി നദീതീരം പുനരുദ്ധാരണം ചെയ്യണമെന്നും ജസ്റ്റിസ് സ്വതന്ത്രകുമാർ അധ്യക്ഷനായ ട്രൈബ്യൂണൽ ബെഞ്ച് നിർദേശിച്ചു. കുറച്ചുതുക ആർട്ട് ഓഫ് ലിവിങ് നേരത്തേ അടച്ചിട്ടുണ്ട്. ബാക്കി ഉടൻ അടയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അഞ്ചു കോടി രൂപയാണ് ആർട്ട് ഓഫ് ലിവിങ്ങിനുമേൽ പാരിസ്ഥിതിക നഷ്ടപരിഹാരമെന്ന പേരിൽ കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത്. യമുനാതീരം പുനരുദ്ധരിക്കാൻ ഡൽഹി വികസന അതോറിറ്റി കൂടുതൽ പണം ചിലവിട്ടാൽ അതും സംഘടനയിൽനിന്നു പിടിച്ചെടുക്കണമെന്നും അന്നു നിർദേശിച്ചിരുന്നു.

യമുനാ തീരത്തെ നാശനഷ്ടം പരിഹരിക്കാൻ 13.29 കോടി രൂപ വേണ്ടിവരുമെന്നു കേന്ദ്ര ജല വിഭവ സെക്രട്ടറി ശശി ശേഖർ അധ്യക്ഷനായ ഏഴംഗ സമിതി റിപ്പോർട്ട് ചെയ്തിരുന്നു. ഭൗതികമായ മാറ്റങ്ങൾ പുനഃസ്ഥാപിക്കാൻ മാത്രം രണ്ടു വർഷം വേണം. ജൈവ വൈവിധ്യം പുനഃസ്ഥാപിക്കാൻ 10 വർഷം വേണ്ടിവരുമെന്നും സമിതി പറയുന്നു.

ഒരേസമയം കാൽലക്ഷം പേർക്ക് ഇരിക്കാവുന്ന സ്റ്റേജും ലക്ഷങ്ങൾക്കു പങ്കെടുക്കാനുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കിയതു വഴി യമുനാതീരത്തു ഗുരുതരമായ പരിസ്ഥിതി നാശം വരുത്തിയതെന്നും സമിതി കണ്ടെത്തി. യുമനാ തീരം പൂർവസ്ഥിതിയിലാക്കാൻ 120 കോടി രൂപ വേണ്ടിവരുമെന്നു നാലംഗ വിദഗ്ധ സമിതി നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെ ആർട് ഓഫ് ലിവിങ് എതിർത്ത പശ്ചാത്തലത്തിലാണ് ഏഴംഗ സമിതിക്കു രൂപം നൽകിയത്.

അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ആർട്ട് ഓഫ് ലിവിങ് അറിയിച്ചു. ‍‍തങ്ങളുടെ വാദങ്ങൾ പരിഗണിക്കാതെയുള്ള വിധിയാണിതെന്നു സംഘടന പത്രക്കുറിപ്പിൽ അറിയിച്ചു.