പട്ടേൽ പോലുള്ള നേതാക്കളെ ബിജെപി ‘ഉൽപ്പന്ന’മാക്കി മാറ്റി: രാഹുൽ ഗാന്ധി

ആനന്ദ്∙ സർദാർ വല്ലഭായ് പട്ടേൽ, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് എന്നിവരെപ്പോലുള്ള നേതാക്കളെ ബിജെപി ‘ഉൽപ്പന്ന’മാക്കി മാറ്റിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യഗുജറാത്തിലെ ആനന്ദിലെ പ്രചാരണവേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമായിരുന്നു. പട്ടേലിനെ ആഴത്തിലറിയുമ്പോൾ വ്യക്തമാകും ഗുജറാത്തിനായി തുടിച്ചൊരു ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നെന്ന്, രാഹുൽ വ്യക്തമാക്കി.

സർദാർ പട്ടേൽ നരേന്ദ്ര മോദിയുടെയോ രാഹുലിന്റെയോ ഗുജറാത്തിന്റെയോ ഇന്ത്യയുടെയോ സ്വന്തമല്ല, അദ്ദേഹം ലോകത്തിന്റെ സ്വന്തമാണ്. അത്രയും വലിയൊരു മനുഷ്യനായിരുന്നു അദ്ദേഹം. ഗുജറാത്തിന്റെ ഹൃദയത്തിൽ അദ്ദേഹത്തിന്റെ ശബ്ദമുണ്ട്. ഗുജറാത്തിനായി പോരാടിയ ശബ്ദം. അതിലും വലുത് മറ്റൊന്നില്ല. കോൺഗ്രസ് അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നു. എന്നാൽ ചില സമയത്ത് മഹാത്മാ ഗാന്ധിയായാലും സർദാർ പട്ടേലായാലും സുഭാഷ് ചന്ദ്രബോസ് ആയാലും ബിജെപി അവരെ ഉൽപ്പന്നമാക്കി മാറ്റുകയാണ്, രാഹുൽ വ്യക്തമാക്കി.

അതേസമയം, ബിജെപി തിടുക്കത്തിലിറക്കിയ പ്രകടന പത്രികയെക്കുറിച്ചും രാഹുൽ വിമർശനം ഉന്നയിച്ചു. ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ഓഫിസിൽവച്ച് പെട്ടെന്നുണ്ടാക്കിയ പ്രകടന പത്രികയാണതെന്നും ഗുജറാത്തിലെ ജനങ്ങളോട് സംസാരിക്കാതെയാണ് തയാറാക്കിയതെന്നുമാണ് രാഹുലിന്റെ ആക്ഷേപം.