ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 68 ശതമാനം പോളിങ്

അഹമ്മദാബാദ് ∙ രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം അഞ്ചു മണിക്കാണ് അവസാനിച്ചത്. 68 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് അന്തിമ റിപ്പോർട്ട്. ആദ്യഘട്ട വോട്ടെടുപ്പിൽ 89 മണ്ഡലങ്ങളിലായി 977 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഈ മാസം പതിനാലിനാണ്. അതിനുശേഷം പതിനെട്ടിന് ഫലപ്രഖ്യാപനം.

സൂറത്തില്‍ 70 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു. ഇതില്‍ ചിലത് ആദ്യമണിക്കൂറുകളില്‍ തന്നെ പരിഹരിക്കുകയും ചെയ്തു. അതിനിടെ, വോട്ടെടുപ്പിൽ ‘ബ്ലൂ ടൂത്ത്’ സംവിധാനം ഉപയോഗിച്ച് തിരിമറി കാട്ടിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇതു നിഷേധിച്ച ബിജെപി, തോൽവി ഉറപ്പാക്കിയ കോൺഗ്രസ് മുടന്തൻ ന്യായങ്ങൾ പറയുകയാണെന്നും പരിഹസിച്ചു.

യുവാക്കൾ ഉൾപ്പെടെ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ആവശ്യപ്പെട്ടിരുന്നു. റെക്കോർഡ് പോളിങ്ങിനായി അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം നൽകുകയും ചെയ്തു.

ഇന്നു ജനവിധി തേടുന്നവരിൽ പ്രമുഖനായ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജ്കോട്ടിൽ വോട്ട് രേഖപ്പെടുത്തി. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ബറൂച്ചിലും ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര രാജ്കോട്ടിലെ രവി വിദ്യാലയത്തിലെ ബൂത്തിലും സമ്മതിദാന അവകാശം വിനിയോഗിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണി മത്സരിക്കുന്ന രാജ്കോട്ട് വെസ്റ്റിൽ സംസ്ഥാനത്തെ സ്ഥാനാർഥികളിൽ ഏറ്റവും ധനികനായ ഇന്ദ്രാനിൽ രാജ്യഗുരു (കോൺഗ്രസ്) ആണ് എതിർ സ്ഥാനാർഥി.

കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും കൊമ്പുകോർക്കുന്ന മാണ്ഡ്‌വി, കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ അർജുൻ മോധ്‌വാദിയയും ബിജെപിയുടെ കൃഷി മന്ത്രി ബാബു ബോക്കിരിയയും ഏറ്റുമുട്ടുന്ന പോർബന്ദർ എന്നിവിടങ്ങളിലും തീപാറും. വാധ്വാൻ, ജസ്ദാൻ, ധൊരാജി, ഭാവ്നഗർ വെസ്റ്റ്, കുടിയാന, ഉന, അമ്റേലി, ബോത്താഡ്, വരാച്ഛ റോഡ്, ഝഗാദിയ, സൂറത്ത് എന്നിവയാണു കടുത്ത മൽസരം നടന്ന മണ്ഡലങ്ങൾ.