കേരളത്തിലെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ 13.24 ലക്ഷം

ന്യൂഡൽഹി ∙ ഹൈക്കോടതി ഉൾപ്പെടെ കേരളത്തിലെ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നതു 13,24,411 കേസുകൾ. ഹൈക്കോടതിയിൽ മാത്രം 1,80,745 കേസുകളും കീഴ്ക്കോടതികളിൽ 11,43,666 കേസുകളുമാണു തീർപ്പാകാനുള്ളത്. പത്തുവർഷത്തിലധികം പഴക്കമുള്ള കേസുകൾ മാത്രം 23,940 എണ്ണം വരും. ഇതിൽ 15,589 കേസുകൾ ഹൈക്കോടതിയിലും 8351 കേസുകൾ കീഴ്ക്കോടതികളിലുമാണ്.

ഹൈക്കോടതിയിലെ പത്തുവർഷത്തിലധികം പഴക്കമുള്ള കേസുകളിൽ 8156 എണ്ണം സിവിൽ കേസുകളാണ്. 6424 ക്രിമിനൽ കേസുകളും 1009 റിട്ട് പെറ്റീഷനുകളുമുണ്ട്. ഹൈക്കോടതിയിൽ തീർപ്പാകാനുള്ളവയിൽ മുതിർന്ന പൗരന്മാർ ഫയൽ ചെയ്ത 17,949 കേസുകളും ഉൾപ്പെടുന്നു.

നാഷനൽ ജുഡീഷ്യൽ ഡേറ്റാ ഗ്രിഡിന്റെ കണക്കു പ്രകാരം രാജ്യത്തെ മുഴുവൻ കീഴ്ക്കോടതികളിലുമായി രണ്ടരക്കോടിയിൽ അധികം കേസുകളാണു തീർപ്പാകാനുള്ളത്. പത്തുവർഷത്തിലധികം പഴക്കമുള്ള കേസുകൾ 22.5 ലക്ഷം. ഇത്തരം കേസുകളുടെ എണ്ണത്തിൽ ഉത്തർപ്രദേശ് ആണ് മുന്നിൽ – 8,18,419. ഗുജറാത്ത് (2,80,089), മഹാരാഷ്ട്ര (2,54,326) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ദേശീയതലത്തിൽ കീഴ്ക്കോടതികളിൽ മൊത്തം 2,60,49,247 കേസുകൾ വിധിയാകാനുണ്ട്. ഈ കണക്കിലും യുപിയാണു മുന്നിൽ– 62.17 ലക്ഷം.

രാജ്യത്തെ ഹൈക്കോടതികളിലാകെ 34,16,853 കേസുകളാണു തീർപ്പാകാനുള്ളത്. പത്തുവർഷം കടന്നവ 6.4 ലക്ഷം. തീർപ്പാകാനുള്ള കേസുകളിൽ 41,712 കേസുകൾ മുതിർന്ന പൗരന്മാർ ഫയൽ ചെയ്തവയാണ്. വനിതകളുടെ 15,974 ഹർജികളിലും വിധി വന്നിട്ടില്ല.