‘തിരഞ്ഞെടുപ്പ് വിഷയത്തിൽ ഞങ്ങളെ വലിച്ചിഴയ്ക്കരുത്’; മോദിയോട് പാക്കിസ്ഥാന്‍

ന്യൂഡൽഹി∙ ഗുജറാത്ത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ പാക്കിസ്ഥാൻ രംഗത്ത്. ‘ഇന്ത്യയിലെ ആഭ്യന്തര തിരഞ്ഞെടുപ്പ് വിഷയത്തിലേയ്ക്ക് ഞങ്ങളെ വലിച്ചിഴയ്ക്കരുത്. കോൺഗ്രസ് നേതാക്കളും പാക്കിസ്ഥാൻ ഉദ്യോഗസ്ഥരും മൂന്നു മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്’– പാക്ക് വിദേശകാര്യമന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെ അറിയിച്ചു

കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിൽ നടന്ന യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെയുള്ളവർ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആരോപിച്ചത്.

എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാക്കളായ രൺദീപ് സിങ് സുർജേവാല, മനീഷ് തിവാരി എന്നവർ രംഗത്തെത്തിയിരുന്നു. നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ കല്യാണത്തിന് പ്രധാനമന്ത്രി പങ്കെടുത്തതും പഠാൻകോട്ടിൽ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പ്രവേശിപ്പിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ വിമർശനങ്ങൾ. ഇതിനിടെയാണ് വിഷയത്തിൽ പാക്കിസ്ഥാൻ തന്നെ മറുപടി നൽകിയത്.