ഗുജറാത്തിൽ ഭരണത്തുടർച്ച നൽകൂ, ഒന്നും ഒന്നും ചേർന്ന് പതിനൊന്നാകുന്നത് കാണാം: മോദി

രണ്ടാഘട്ട വോട്ടെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിന്റെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടർമാർക്കൊപ്പം.

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന്റെ കലാശക്കൊട്ടിനു മുന്നോടിയായി, വികാരനിർഭരമായ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വോട്ടർമാർക്കു മുന്നിൽ. ഗുജറാത്തിൽ ബിജെപി അധികാരത്തിൽ വരുന്നപക്ഷം ഇവിടുത്തെ സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും ചേർന്ന് സംസ്ഥാനത്തെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കുമെന്ന് മോദി വ്യക്തമാക്കി. ഒന്നും ഒന്നും ചേരുമ്പോൾ രണ്ടല്ല, പതിനൊന്നായി മാറുന്ന കാഴ്ചയാണ് ഗുജറാത്തിൽ നിങ്ങൾ കാണുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

നീണ്ട മൂന്നര വർഷങ്ങൾക്കു ശേഷമാണ് ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹം തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചതെന്നും മോദി അനുസ്മരിച്ചു. കഴിഞ്ഞ 40 വർഷത്തെ പൊതുജീവിതത്തിനിടയിൽ ഇതുവരെ കിട്ടിയിട്ടില്ലാത്ത സ്നേഹവും വാത്സല്യവുമാണ് ഇത്തവണ ഗുജറാത്തിലെ ജനങ്ങൾ തനിക്കു നൽകിയത്. ഗുജറാത്ത് ജനതയുടെ ഈ സ്നേഹാശ്ലേഷം തന്നെ ശക്തനാക്കുന്നുവെന്നു പറഞ്ഞ മോദി, ബാക്കിയുള്ള ജീവിതമത്രയും രാജ്യത്തിന്റെ വികസനത്തിനായി സമർപ്പിക്കാനും ഇത് തനിക്ക് പ്രേരണ നൽകുന്നതായി എടുത്തുപറഞ്ഞു.

ഡിസംബർ 14നു നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ എല്ലാവരും വോട്ടുചെയ്ത് ബിജെപിയെ അധികാരത്തിലേറ്റണമെന്നും മോദി ആഹ്വാനം ചെയ്തു. ബിജെപിയെ അധികാരത്തിലേറ്റുന്നതിനൊപ്പം, സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും ബിജെപി വിജയം നേടുന്നുവെന്ന് ഉറപ്പാക്കണമെന്നും വോട്ടർമാരോട് അഭ്യർഥിച്ചു.

ഗുജറാത്തിനെയും ഗുജറാത്തിന്റെ വികസനത്തെയും വ്യക്തിപരമായി തന്നെയും കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കാനാകാത്ത കള്ളങ്ങളാണ് പറഞ്ഞുപരത്തുന്നതെന്ന് മോദി ആരോപിച്ചു. ഇത്തരം ദുഷ്പ്രചാരണങ്ങൾക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിൽ അനുയോജ്യമായ മറുപടി നൽകുമെന്നും അദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.