മോദി ഇപ്പോഴും ‘മുഖ്യമന്ത്രി’, കോൺഗ്രസിൽ ആകെ അറിയാവുന്നത് ഇന്ദിരാഗാന്ധിയെ; ഇതും ഗുജറാത്ത്

ഛോട്ടാ ഉദയ്പുറിൽ നടന്ന തിരഞ്ഞെടുപ്പു യോഗങ്ങളിലൊന്നിൽ പങ്കെടുക്കാൻ എത്തിയ പ്രദേശവാസികൾ.

ഛോട്ടാഉദയ്പുർ (ഗുജറാത്ത്)∙ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തി മൂന്നു വർഷമായിട്ടും ഗുജറാത്തിൽ ചിലയിടങ്ങളിൽ ഇന്നും നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രി! സംസ്ഥാനത്തെ ഗോത്ര മേഖലകളിൽ സഞ്ചരിച്ച് വാർത്താഏജൻസിയായ പിടിഐ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. കോൺഗ്രസ് പാർട്ടിയെപ്പറ്റി അറിവുണ്ടെങ്കിലും അതിന്റെ ഒരേയൊരു നേതാവായി പലർക്കും ഇപ്പോഴും ഓർമയിലുള്ളത് ഇന്ദിരാഗാന്ധി മാത്രമാണ്.

ഗോത്ര വിഭാഗക്കാരായ റാത്‌വാകൾക്കു ഭൂരിപക്ഷമുള്ള ഛോട്ടാ ഉദയ്പുർ ജില്ലയിലെ ഗ്രാമീണ മേഖലയിൽ നിന്നുള്ള റിപ്പോർട്ട് ഇങ്ങനെ: രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഇന്നും പ്രദേശവാസികൾക്ക് ആകെ അറിയാവുന്നത് നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയും പിന്നെ കോൺഗ്രസിനെപ്പറ്റിയും മാത്രമാണ്. ചിലർക്ക് ബിജെപിയുടെ പേരറിയാം, എന്നാൽ മറ്റു ചിലർക്കത് ‘മോദിയുടെ പാർട്ടി’യാണ്. എന്നാല്‍ കോൺഗ്രസുമായി ബന്ധപ്പെട്ട് ഒരുപേരു ചോദിച്ചപ്പോൾ അവർക്ക് ആകെ അറിയാമായിരുന്നത് ഇന്ദിരാഗാന്ധിയുടെ പേരും.

‘എന്റെ പൂർവികർ കോൺഗ്രസിനു വേണ്ടിയായിരുന്നു വോട്ടു ചെയ്തിരുന്നത്. എന്നാൽ ഇന്ന് ചുറ്റിലുമുള്ള മറ്റു ഗ്രാമക്കാരെല്ലാം മോദി സാബിന്റെ പാർട്ടിസ്ഥാനാർഥിക്കാണു വോട്ടു ചെയ്യുന്നത്...’ അൻപതുകാരനായ റാംസിൻഹ് റാത്‌വ പറയുന്നു. താമരയുടെ ചിത്രം കാണിച്ചപ്പോൾ അതു മോദിയുടെ പാർട്ടി ചിഹ്നമാണെന്നാണ് റാംസിൻഹും സുഹൃത്തുക്കളും പറഞ്ഞത്. എന്നാൽ അത് ബിജെപിയല്ലേ എന്നു ചോദിച്ചാൽ മറുപടി ‘അറിയില്ല’ എന്നാണ്.

ആരു ജയിച്ചാലും ഗുജറാത്തിൽ മോദി തന്നെയായിരിക്കും അടുത്ത ‘മുഖ്യമന്ത്രി’യെന്നും പ്രദേശവാസികൾ പറയുന്നു. ഛോട്ടാ ഉദയ്പുർ മണ്ഡലത്തിലെ ജോഗ്പുര ഗ്രാമത്തിലെ ദിലിപ് റാത്‌വയുടെ അഭിപ്രായത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് കോൺഗ്രസും മോദിയും തമ്മിലാണ്. ‘ഗ്രാമത്തിൽ മോദി ഏറെ പ്രശസ്തനാണ്. ഇടയ്ക്ക് പ്രാദേശിക കോൺഗ്രസ് നേതാക്കളും വീട്ടിലേക്കു വരും. വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കാനാണാത്’–ദിലിപ് പറയുന്നു.

മേഖലയിൽ റാ‌ത്‌വാ വിഭാഗക്കാർ കഴിഞ്ഞാൽ പിന്നെ മു‌സ്‌ലിംകളാണു കൂടുതൽ. എന്നാൽ മോദിയെയല്ലാതെ മറ്റു രാഷ്ട്രീയനേതാക്കളെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നും അധ്യാപകരായ സുമൻബെന്നും പവി ജേത്പുറും പറയുന്നു. എങ്കിലും ഛോട്ടാ ഉദയ്പുറിലെ മൂന്ന് സംവരണ മണ്ഡലങ്ങളിലും കോൺഗ്രസാണു ജയിച്ചു വരുന്നത്. ഇത്തവണ മോദിയുടെ വ്യക്തിപ്രഭാവം’ കൂടുതല്‍ വോട്ടുപിടിക്കാൻ സഹായിക്കുമെന്ന് ബിജെപി പ്രാദേശിക വിഭാഗം വാദിക്കുന്നു.

മേഖലയിൽ കോൺഗ്രസും ബിജെപിയും തമ്മില്ല, മോദിയുടെ പ്രശസ്തിയും കോണ്‍ഗ്രസും തമ്മിലാണു മത്സരമെന്നു പ്രാദേശിക നേതാവായ രമേഷ് പട്ടേലും സമ്മതിക്കുന്നു.