മോദിയാണ് എന്നെ ‘സഹായിച്ചത്’, അദ്ദേഹത്തെ വെറുക്കുന്നതെങ്ങനെ?: രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.

അഹമ്മദാബാദ്∙ താനൊരു ‘മെയ്ക്കോവറും’ നടത്തിയിട്ടില്ലെന്ന് കോൺഗ്രസിന്റെ നിയുക്ത അധ്യക്ഷന്‍ രാഹുൽ ഗാന്ധി. ബിജെപി പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ സത്യസന്ധതയെ മോശമാക്കാൻ ശ്രമിക്കുകയാണ്. ഞാൻ സത്യം സംസാരിക്കുന്നു, സത്യം പുറത്തുവരികയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്നെ ഏറ്റവും അധികം ‘സഹായിച്ചത്’. അദ്ദേഹത്തെ എങ്ങനെ വെറുക്കാനാകും? – ഗുജറാത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ചും തന്റെ പ്രചാരണത്തെക്കുറിച്ചും ഗുജറാത്തി മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാനാരാണ്?, കഴിഞ്ഞ മൂന്നു മാസമായി ഗുജറാത്തിനെക്കുറിച്ചു സംസാരിക്കുന്നുവെന്നു മാത്രം. തിരഞ്ഞെടുപ്പ് എന്നത് രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലല്ല. അതു ഗുജറാത്തിലെ ജനങ്ങളുടേതാണ്. ബിജെപി രാഹുൽ ഗാന്ധിയെ അല്ല പേടിക്കുന്നത്, ഗുജറാത്തിലെ ജനങ്ങളുടെ ശബ്ദത്തെയാണ് പേടിക്കുന്നത്. എന്റെ പിതാവിനെക്കുറിച്ചോ എന്നെക്കുറിച്ചോ അവർ എന്തെങ്കിലും പറയുമ്പോൾ എനിക്ക് ദേഷ്യമോ സ്നേഹമോ പ്രകടിപ്പിക്കാം. ഓരോ പ്രതിസന്ധികൾ അവർ മുന്നിൽ വയ്ക്കുമ്പോൾ അത്രയും ശക്തിയാർജിക്കുകയാണ് ഞാൻ.

നെഹ്റു – ഗാന്ധി കുടുംബത്തിനുനേരെയുണ്ടാകുന്ന പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയോടു ദേഷ്യമില്ലെന്നും മോദി തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. മതവും രാജ്യത്തിന്റെ ചരിത്രവും പരിശോധിച്ചാൽ അറിയാം, വിദ്വേഷത്തിനു മറുപടി സ്നേഹമാണ്. ദേഷ്യവും വെറുപ്പും ഒരംശം പോലും തന്റെ ഉള്ളിലില്ല. അതു ഞങ്ങളുടെ കുടുംബത്തിന്റെ സ്വഭാവമാകാം. ചിലപ്പോൾ ഗുജറാത്തിന്റെ ഇതിഹാസം മഹാത്മാ ഗാന്ധിയായിരിക്കാം ഞങ്ങളുടെ കുടുംബത്തെ അതു പഠിപ്പിച്ചത്, രാഹുൽ കൂട്ടിച്ചേർത്തു.

22 വർഷമായി ഭരണത്തിലിരിക്കുന്ന ബിജെപിയെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസവും രാഹുൽ പ്രകടിപ്പിച്ചു. ബിജെപി ഈ തിരഞ്ഞെടുപ്പിനെ പേടിക്കുകയാണ്. പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളെല്ലാം ജനങ്ങളുടെ പ്രശ്നങ്ങളാണ്. ജനങ്ങൾ പറഞ്ഞ പ്രശ്നങ്ങളാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.