യുഎസ് സർവകലാശാല വെബ്സൈറ്റ് ഹാക്കിങ്: ഇന്ത്യൻ വംശജൻ കുറ്റം സമ്മതിച്ചു

Representational image

വാഷിങ്ടൻ∙ യുഎസിലെ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ ഇന്ത്യൻ – അമേരിക്കൻ വംശജനായ യുവാവ് കുറ്റം സമ്മതിച്ചതായി പ്രോസിക്യൂഷൻ. ഇന്ത്യൻ വംശജനായ പരസ് ഝാ(21)യ്ക്കൊപ്പം പെൻസിൽവാനിയയിൽനിന്നുള്ള ജോയിസ വൈറ്റ് (20), ലൂസിയാനയിൽനിന്നുള്ള ഡാൽട്ടൺ നോർമൻ (21) എന്നിവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. യുഎസിലെ റുട്ട്ഗർ സർവകലാശാലയുടെ കംപ്യൂട്ടർ സംവിധാനത്തെ പാടെ തകർത്ത ഹാക്കിങ്ങിൽ അധ്യാപകർക്കിടയിലും വിദ്യാർഥികൾക്കിടയിലുമായുണ്ടായിരുന്ന ആശയവിനിമയ സംവിധാനത്തിനും വിദ്യാർഥികളുടെ അസൈൻമെന്റ് വയ്ക്കുന്നതിനും മറ്റുമുള്ള സംവിധാനങ്ങൾക്കു തടസ്സം നേരിട്ടിരുന്നു.

കംപ്യൂട്ടർ ഫ്രോഡ് ആൻഡ് അബ്യൂസ് ആക്ട് വകുപ്പ് ലംഘിച്ചതായി ഝാ ട്രെൻടണ്‍ ഫെഡറൽ കോടതിയിലെ ജില്ലാ ജഡ്ജി മൈക്കിൾ ഷിപ്പിനു മുൻപിൽ സമ്മതിച്ചു. 2014 നവംബറിനും 2016 സെപ്റ്റംബറിനുമിടയിൽ നിരവധിത്തവണ ഹാക്കിങ് നടത്തിയിട്ടുണ്ടെന്നു രേഖകൾ പറയുന്നു. സർവകലാശാലയുടെ ഓൺലൈൻ പലതവണ മൂവർ സംഘം ഹാക്ക് ചെയ്ത് ഓഫ്‌ലൈൻ ആക്കിയിട്ടുണ്ടെന്നും ഇതു സർവകലാശാലയ്ക്കും ഫാക്കൽറ്റിക്കും വിദ്യാർഥികൾക്കും തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഝായുടെ കുറ്റത്തിനു പരമാവധി 10 വർഷം തടവും രണ്ടര ലക്ഷം യുഎസ് ഡോളർ പിഴയുമാണു ശിക്ഷ. വിധിപറയുന്നത് മാർച്ച് 13ലേക്കു മാറ്റി.