വോട്ടു ചെയ്ത ശേഷം മോദിയുടെ ‘റോഡ് ഷോ’; നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

വോട്ടു ചെയ്തശേഷം വാഹനത്തിൽ കയറിനിന്ന് മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടുന്ന മോദി.

അഹമ്മദാബാദ് ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിനത്തിലും വിവാദമൊഴിയാതെ ഗുജറാത്ത് രാഷ്ട്രീയം. വോട്ട് ചെയ്തശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോദി നടന്നതാണ് ആദ്യം വിവാദമായത്. തൊട്ടുപിന്നാലെ തുറന്ന വാഹനത്തിൽ അദ്ദേഹം നിന്നു യാത്ര ചെയ്തതും വിവാദത്തിന് കൂടുതൽ എരിവു പകർന്നു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ 93 മണ്ഡലങ്ങളിലായി 851 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 

വോട്ടു ചെയ്തു മടങ്ങിയ മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. വോട്ടു രേഖപ്പെടുത്തിയ ശേഷം മോദി നടത്തിയ ‘റോഡ് ഷോ’ വ്യക്തമായ തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് കോൺഗ്രസ് വക്താവ് അശോക് ഗേലോട്ട് ചൂണ്ടിക്കാട്ടി. മോദി തുറന്ന വാഹനത്തിൽ യാത്ര ചെയ്തതും ചുറ്റിലും കൂടിയവർ ബിജെപി പതാകകൾ വീശി അഭിവാദ്യം ചെയ്തതും ചട്ടലംഘനമാണെന്ന് മറ്റൊരു കോൺഗ്രസ് വക്താവ് ആർ.എസ്. സുർജേവാലയും ആരോപിച്ചു.

സബർമതി മണ്ഡലത്തിലെ നിഷാൻ ഹൈസ്ക്കൂളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കിൽ നടന്ന ചടങ്ങിൽ സ്കോർപീൻ ക്ലാസിലെ ആദ്യത്തെ ഇന്ത്യൻ മുങ്ങിക്കപ്പൽ ‘ഐഎൻഎസ് കൽവരി’ രാജ്യത്തിന് സമർപ്പിച്ചശേഷമാണ് അദ്ദേഹം വോട്ടു ചെയ്യാനെത്തിയത്. വോട്ടർമാർക്കൊപ്പം വരിനിന്നാണ് അദ്ദേഹം വോട്ടു ചെയ്തതും.

അതിനിടെ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ഗുജറാത്തിലെ ടിവി ചാനലുകൾക്ക് അഭിമുഖം നൽകിയതിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ അവരുടെ അധികാരം അടിയറവു വച്ചതായും ഇത് ജനാധിപത്യത്തിന് സങ്കടകരമായ ദിവസമാണെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും സമ്മർദ്ദത്തിന് അടിപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി ഓഫിസിൽനിന്നും പ്രധാനമന്ത്രിയിൽനിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവർത്തനമെന്നും അശോക് ഗേലോട്ട് ആരോപിച്ചു.