Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖ്: തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ

88005500_20170511_047

ന്യൂഡൽഹി∙ ഒറ്റയടിക്ക് മൂന്നു തലാഖും ചൊല്ലി (മുത്തലാഖ്) വിവാഹമോചനം നടത്തുന്ന സമ്പ്രദായം ശിക്ഷാർഹമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന ഭർത്താവിന് മൂന്നു വർഷം വരെ തടവാണ് കേന്ദ്രം തയാറാക്കിയ ‘മുസ്‌ലിം വനിതാ സംരക്ഷണ അവകാശ, വിവാഹ ബില്ലി’ൽ വ്യവസ്‌ഥ ചെയ്യുന്നത്. ബില്ലിനെക്കുറിച്ച് കേന്ദ്രം സംസ്‌ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഡിസംബർ പത്തിനകം അഭിപ്രായം അറിയിക്കാനായിരുന്നു നിർദേശം. ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന ഇസ്‌ലാമിക സമ്പ്രദായം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്‌റ്റ് 22നു വിധിച്ചിരുന്നു. ഒറ്റത്തവണയുള്ള മുത്തലാഖ് നിയമവിരുദ്ധമെന്ന് 2002ൽ ഷമീം ആര കേസിലും സുപ്രീം കോടതി വിധിച്ചിരുന്നു.

കോടതിവിധികളുണ്ടെങ്കിലും അതിനു വിരുദ്ധമായ നടപടി തുടരുന്നുവെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ നിയമനിർമാണത്തിനു ശ്രമിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കുശേഷം ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടിയതു സംബന്ധിച്ച 66 കേസുകളുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ഏറ്റവും കൂടുതൽ കേസുകളുള്ളത് യുപിയിലാണ്.

വാക്കാലോ രേഖാമൂലമോ, ഇ–മെയിൽ, എസ്‌എംഎസ്, വാട്‌സാപ് തുടങ്ങിയ സന്ദേശസംവിധാനങ്ങളിലൂടെയോ ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണെന്ന് ബിൽ വ്യക്‌തമാക്കുന്നു. ബില്ലിലെ വ്യവസ്‌ഥയനുസരിച്ച്, ഭാര്യയ്‌ക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ജീവിതച്ചെലവ് ഉറപ്പാക്കാൻ ഭർത്താവിനോടു നിർദേശിക്കാൻ മജിസ്‌ട്രേട്ടിന് അധികാരമുണ്ടാവും. വീടൊഴിയാൻ ഭാര്യയോടു ഭർത്താവ് ആവശ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്തുള്ളതാണ് ഈ വ്യവസ്‌ഥ. പ്രായപൂർത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്ന് ഭാര്യയ്‌ക്ക് കോടതിയോട് ആവശ്യപ്പെടാം.

related stories