Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ലോകം തിരിച്ചറിഞ്ഞു, യുഎസും ഇസ്രയേലും കഴിഞ്ഞാൽ ഇന്ത്യതന്നെ: അമിത് ഷാ

Amit-Shah രാജ്യസഭാ പ്രസംഗത്തിനിടെ അമിത് ഷാ. സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി അരുൺ ജയറ്റ്‌ലി.

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആദ്യ രാജ്യസഭാ പ്രസംഗം. പാക്കിസ്ഥാനെതിരായ ‘സർജിക്കല്‍ സ്ട്രൈക്കി’നെ ചരിത്രനിമിഷമെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. മുത്തലാഖ്, രാജ്യത്തെ തൊഴിൽ പ്രശ്നം, ജിഎസ്ടി, സ്വച്‌ഛ് ഭാരത് തുടങ്ങിയവയിലെല്ലാം അമിത് ഷാ നയം വ്യക്തമാക്കി. #ShahSpeaksInRajyaSabha എന്ന ഹാഷ്‌ടാഗ് പ്രസംഗവേളയിൽ ട്വിറ്ററിൽ ട്രെൻഡായി.

പ്രസംഗത്തിൽ നിന്ന്...

∙ വികസനം വേഗത്തിലാക്കാനാണ് ബിജെപി സർക്കാരിനെ ഇന്ത്യ തിരഞ്ഞെടുത്തത്. പാവപ്പെട്ടവരുടെയും കർഷകരുടെയും വികസനമാണ് സർക്കാർ ലക്ഷ്യം. 70 വർഷമായി ഒരു കുടുംബത്തിന്റെ കൈപ്പിടിയിലായിരുന്നു ഇന്ത്യ. അവരിൽ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടു. ഇന്നു രാജ്യമെമ്പാടും ജനത്തിനു ശുഭപ്രതീക്ഷയുണ്ട്.

∙ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ് കശ്മീർ വിഷയം. 35 വർഷവും കശ്മീർ അശാന്തമായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ മികച്ച രീതിയിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്.

∙ ഇന്ത്യയെ സംബന്ധിച്ച് ചരിത്രനിമിഷമായിരുന്നു സർജിക്കൽ സ്ട്രൈക്. ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാടു തന്നെ മാറി. അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പം സ്വന്തം രാജ്യത്തെ സൈനികരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയാറാണെന്നു തെളിയിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഭീഷണികൾ നേരിടാൻ സൈന്യത്തിന് എല്ലാ പിന്തുണയും നൽകുന്ന രാജ്യമായി ഇന്ത്യ മാറി.

∙ ശുചിമുറികൾ നിർമിക്കാൻ മുൻ സർക്കാരുകളുടെ പദ്ധതി കടലാസിൽ ഒതുങ്ങി. എന്നാൽ നിലവിലെ സർക്കാർ ഏഴു കോടി ശുചിമുറികളാണു നിർമിക്കുന്നത്. പൊതുസ്ഥലത്ത് ശുചിമുറികളുടെ അഭാവത്തിൽ ആശങ്കപ്പെട്ട കാലത്തു നിന്നു മാറി വനിതകൾ ജോലിയെപ്പറ്റിയും രാജ്യത്തിന്റെ ഭാവിയെപ്പറ്റിയുമെല്ലാമാണ് ഇന്ന് ചിന്തിക്കുന്നത്.

∙ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ബാങ്കുകള്‍ ദേശസാൽക്കരിച്ചത്. അത് നല്ലൊരു കാര്യമായിരുന്നു. പാവപ്പെട്ടവർക്കായി ബാങ്കുകൾ വാതിൽ തുറക്കുമെന്നായിരുന്നു അന്നു പറഞ്ഞത്. എന്നാൽ ഒന്നും നടന്നില്ല. ഇന്നു കേന്ദ്രത്തിന്റെ ‘മുദ്ര വായ്പ’യാണ് പണത്തിനായി ദരിദ്രർക്കു സഹായമാകുന്നത്. ധനമന്ത്രി ചിദംബരത്തിന്റെ ഒരു ട്വീറ്റ് ഞാൻ കണ്ടു. പാവപ്പെട്ടവര്‍ ഇന്നു ‘പക്കോഡ’ വിൽക്കണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തൊഴിൽ ഇല്ലാതിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് കഠിനമായി അധ്വാനിക്കുന്നതും പക്കോഡ വിൽക്കുന്നതും. ഇന്ന് പക്കോഡ വിൽക്കുന്ന ഒരാളുടെ അടുത്ത തലമുറ വൻ വ്യവസായികളായി മാറും. ഒരു ചായവിൽപ്പനക്കാരന്റെ മകൻ പ്രധാനമന്ത്രിയായ രാജ്യമാണു നമ്മുടേതെന്നോർക്കണം.

∙ ‘ഗരീബീ ഹഠാവോ’ എന്നു പറഞ്ഞ് പലരും വന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചത് ബിജെപിയാണ്. തൊഴിലവസരങ്ങൾ ഒരുക്കുക എന്നത് ശ്രദ്ധിക്കേണ്ട മേഖല തന്നെയാണ്. ഇക്കാര്യം പ്രതിപക്ഷം ഇന്ന് ഏറെ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ഇന്നത്തെ അവസ്ഥയ്ക്കു കാരണം കഴിഞ്ഞ 60 വർഷത്തെ സർക്കാരുകളുടെ പ്രവർത്തന ഫലമാണെന്നോർക്കണം. യുവാക്കൾക്ക് ഉൾപ്പെടെ ജോലി കണ്ടെത്തിക്കൊടുക്കാൻ കേന്ദ്രം പദ്ധതികൾക്കു രൂപം നൽകിക്കഴിഞ്ഞു.

∙ രാജ്യത്തെ ശക്തമാക്കുന്നതിനാണ് കടുത്ത തീരുമാനങ്ങളെടുക്കുന്നത്. അത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴിലെടുത്ത ഏറ്റവും വലിയ പരിഷ്കാരമായിരുന്നു ജിഎസ്ടി. ഈ നികുതി വ്യവസ്ഥയ്ക്കെതിരെ ഒരിക്കലും ബിജെപി എതിരായിരുന്നില്ല. യുപിഎ അതിനെ കൈകാര്യം ചെയ്ത രീതിയെയാണ് എതിർത്തത്. യുപിഎ സർക്കാരിനെ സംസ്ഥാന സർക്കാരുകൾക്ക് വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ ജിഎസ്ടി വിഷയത്തിൽ സംസ്ഥാനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ എൻഡിഎയ്ക്കു സാധിച്ചു.

∙ ജിഎസ്ടിയെ ‘ഗബ്ബർ സിങ് ടാക്സ്’ എന്നു വിളിച്ചു കളിയാക്കുകയാണ് കോൺഗ്രസ് ചെയ്തത്. എന്നാൽ ജിഎസ്ടിയിൽ നിന്നുള്ള പണം എവിടേക്കാണു പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? അത് അതിർത്തിയിലെ പട്ടാളക്കാർക്കും പാവപ്പെട്ടവർക്കു പാചകവാതക സബ്സിഡി നൽകാനും വൈദ്യുതിയെത്താത്ത വീടുകളിൽ വിളക്കു തെളിക്കാനുമാണ് ഉപയോഗിക്കുന്നത്.

∙ വൺ റാങ്ക് വൺ പെൻഷനിൽ വാഗ്ദാനങ്ങൾ മാത്രം മുൻസർക്കാരുകൾ നൽകിയപ്പോൾ നിലവിലെ സർക്കാരാണ് അത് യാഥാർഥ്യമാക്കിയത്.

∙ മുത്തലാഖിനെ എതിർക്കുന്നതാണ് കേന്ദ്ര സർക്കാർ നയം. മുസ്‌ലിം വനിതകൾക്കും അമ്മമാർക്കും സഹോദരിമാര്‍ക്കും സ്വാതന്ത്ര്യത്തോടെ, ആരെയും ഭയക്കാതെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമങ്ങളെല്ലാം. എന്നാൽ മുത്തലാഖ് ബില്ലിനെ തടയുകയാണ് കോൺഗ്രസ് ചെയ്തത്. ബിൽ പാസ്സാക്കാൻ രാജ്യസഭ സഹകരിക്കണം.

∙ പാവപ്പെട്ടവർക്ക് ആരോഗ്യസംരക്ഷണം ഉറപ്പു വരുത്താനാണ് ഈ വർഷത്തെ ബജറ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റെല്ലാ വാഗ്ദാനങ്ങളെയും പോലെ ഇതും വൈകാതെ യാഥാർഥ്യമാകും.

∙ ഗുജറാത്തിലെയും ഉത്തർപ്രദേശിലെയും തിരഞ്ഞെടുപ്പോടെ ഒരുകാര്യം വ്യക്തമാണ്– നാടുവാഴിത്ത രാഷ്ട്രീയത്തെയും ജാതി–മത രാഷ്ട്രീയത്തെയും നരേന്ദ്രമോദി സർക്കാർ പിഴുതെറിഞ്ഞിരിക്കുകയാണ്. ഇപ്പോഴും തിരഞ്ഞെടുപ്പുകൾ ജയിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിജയങ്ങൾക്കെല്ലാം പിന്നിൽ നരേന്ദ്രമോദിയുടെ ശ്രമങ്ങളാണ്.

related stories