വിജയിച്ചത് നരേന്ദ്ര മോദിയുടെ ‘11 ഗെയിംപ്ലാൻ’; കരുത്താർജിച്ച് രാഹുൽ ഗാന്ധിയും

രണ്ടു കൂട്ടർക്കും ഒരുപോലെ അവകാശപ്പെടാവുന്ന നെഞ്ചൂക്കിന്റെ വിജയം. രണ്ടു ദേശീയ നേതാക്കൾ ഒപ്പത്തിനൊപ്പം പോരാടിയ തിരഞ്ഞെടുപ്പ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും തീപ്പൊരി ചിതറിച്ചു ബിജെപിയും കോൺഗ്രസും. അണികളിൽ ആവേശമായി മോദിയും രാഹുലും നേർക്കുനേർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും നിർണായകമായിരുന്നു ഈ നിയമസഭാ തിരഞ്ഞെടുപ്പുകൾ. ആ പ്രതീക്ഷകളെ അവർ തെറ്റിച്ചതുമില്ല.

മോദി പ്രധാനമന്ത്രിയായ ശേഷം നടന്ന തിരഞ്ഞെടുപ്പ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന് വഴിയൊരുക്കിയ തിരഞ്ഞെടുപ്പ്. രണ്ടുപേർക്കും വിജയം ആവശ്യമായിരുന്നു ഗുജ​റാത്തിൽ. പ്രധാനമന്ത്രി പദവിയുടെ തിരക്കുകളെല്ലാം മാറ്റിവച്ച് മോദി ഗുജ‌റാത്തിൽ തമ്പടിച്ചു. 41 റാലികളിൽ പ്രസംഗിച്ച് കളം നിറഞ്ഞു. രാഹുൽ മാത്രമായിരുന്നു കോൺഗ്രസിന്റെ മുഖം. പക്വതയും നർമവും നിറഞ്ഞ പ്രസംഗങ്ങളിലൂടെ രാഹുൽ മികച്ച പ്രതിരോധം തീർത്തു.‌ ചിലപ്പോഴൊക്കെ എതിർപാളയത്തിൽ പ്രകമ്പനങ്ങളുണ്ടാക്കി.

ബിജെപി അധികാരത്തിൽ വന്നാൽ, സംസ്ഥാന സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും ചേർന്ന് ഗുജറാത്തിനെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കുമെന്ന് മോദി പറഞ്ഞു. ഒന്നും ഒന്നും ചേരുമ്പോൾ രണ്ടല്ല, പതിനൊന്നായി മാറുന്ന കാഴ്ച ഗുജറാത്തിൽ കാണാമെന്ന് അദ്ദേഹ ഉറപ്പുകൊടുത്തു. 22 വർഷം നീണ്ട ഭരണം ജനത്തിന്റെ മനസ്സിൽ മടുപ്പുണ്ടാക്കിയെങ്കിൽ അത് മാറ്റുകയായിരുന്നു മോദിയുടെ ലക്ഷ്യം. നല്ല നാളെയ്ക്കായുള്ള സ്വപ്നങ്ങൾ ആവോളം നൽകി മോദി ജനത്തെ കൂടെക്കൂട്ടി.

∙ മുറുകെപ്പിടിച്ച്, കോൺഗ്രസ് മുക്ത ഭാരതം‌‌

കോൺഗ്രസ് ഇല്ലാത്ത ഇന്ത്യ എന്നതാണ് കുറച്ചുകാലമായി ബിജെപിയുടെ പ്രചാരണവും സ്വപ്നവും. 2017 തിരഞ്ഞെടുപ്പ് വർഷമായിരുന്നു. ഫെബ്രുവരിയിൽ നാലിടത്ത് തിരഞ്ഞെടുപ്പുണ്ടായി. ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കാവിക്കൊടി പാറി. പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പുറത്തേറി കോൺഗ്രസിന് ആശ്വാസജയം. മാർച്ചിൽ മണിപ്പൂരിൽ ജനവിധി, ജയം ബിജെപിക്ക്. ഡിസംബറിലെ ഫലത്തിൽ ഗുജറാത്തും ഹിമാചലും കാവിയണിഞ്ഞു. ജൂലൈയിൽ രാഷ്ട്രപതി, ഓഗസ്റ്റിൽ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഫലത്തിലും ജയം ബിജെപിക്കൊപ്പം.

ഈ വർഷത്തെ ഏഴ് സംസ്ഥാന ജനവിധികളിൽ ആറിലും രാജ്യം ഭരിക്കുന്ന പാർട്ടി വെന്നിക്കൊടി നാട്ടി. നിലവിൽ രാജ്യത്ത് 22 മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബിജെപിയോ സഖ്യകക്ഷികളോ കയ്യാളുന്നു. 19 സംസ്ഥാനങ്ങളിൽ ഭരണം. പുതിയ ഫലങ്ങളോടെ ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങൾ 14 ആകും. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി ജനസംഖ്യയുടെ സിംഹഭാഗവും വസിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഭരണം. മോദിയും ബിജെപിയും രാജ്യത്തെ കാവി ചാർത്തുമ്പോൾ കേരളം, തമിഴ്നാട്, ബംഗാൾ, മിസോറം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ മാത്രമാണ് അപവാദം.‌

∙ മോദിക്ക് എതിരാളി രാഹുൽ

സോണിയ ഗാന്ധിയിൽനിന്ന് മകൻ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുത്ത സമയത്താണ് ഗുജറാത്ത് ഫലം വന്നത്. സംസ്ഥാനങ്ങളിലും ലോക്സഭയിലും തകർന്നടിഞ്ഞ കോൺഗ്രസിന് ശക്തിമരുന്നാകും ഈ ഉശിരൻ പോരാട്ടം. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിയെ പിടിച്ചുകെട്ടാൻ നേരിട്ടിറങ്ങാൻ രാഹുലിന് ഊർജമേകുന്ന പോരാട്ടം. കഴിഞ്ഞകാലത്തെ മോശം ട്രാക്ക് റെക്കോഡ് കുടഞ്ഞെ‌റിഞ്ഞിട്ടുണ്ട് രാഹുൽ. വാക്കുകളിലും പ്രവൃത്തികളിലും തികഞ്ഞ പക്വത. കുറിക്കു കൊള്ളുന്ന കുറിയ വാക്കുകൾ.

ബിജെപിയുടെ രാഷ്ട്രീയത്തെ വിമർശിക്കുമ്പോഴും പ്രധാനമന്ത്രി പദത്തെ ആക്ഷേപിക്കില്ലെന്ന വ്യക്തമായ നിലപാട്. ബിജെപി തീ പടർത്തുമ്പോൾ കോൺഗ്രസ് തീ അണയ്ക്കുമെന്ന പ്രഖ്യാപനം. ബിജെപി പ്രവർത്തകർ സഹോദരങ്ങളാണെന്ന സഹാനുഭൂതി. വിദ്വേഷ രാഷ്ട്രീയത്തിനുമേൽ മാനവികതയുടെ നൂതന ജനാധിപത്യം പുലരണമെന്ന് ശഠിക്കുന്നു രാഹുൽ. ആ വാക്കുകളെ ജനം ഏറ്റെ‌‌‌‌‌ടുക്കുന്നതാണ് ഗുജറാത്തിൽ കണ്ടത്. രാജ്യമാകെ രാഹുലിനെ കേൾക്കാൻ കാതോർത്തു. മോദിക്കൊപ്പം നിൽക്കാൻപോന്ന നേതാവായി രാഹുലിനെ ഇന്ത്യക്കാർ കണ്ടു. നേതാവ് മാറിയാലും കോൺഗ്രസിന്റെ അഴിമതി ശീലം മാറില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രതിരോധിക്കുന്നത്.

∙ ഒരേയൊരു ബിജെപി, ഒരു മോദി‌

ഗുജറാത്തിൽനിന്ന് ഇന്ത്യയുടെ ഭരണാധികാരിയിലേക്കുള്ള വളർച്ചയാണ് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതം. ബിജെപി എന്നാലും സർക്കാർ എന്നാലും മോദി എന്നതാണ് സമവാക്യം. ബിജെപിക്ക് മറ്റു നേതാക്കളുണ്ടെന്നു പോലും സംശയമാണ്. ഒരേയൊരു മുഖമേ പാർട്ടിക്കുള്ളൂ. അധ്യക്ഷൻ അമിത് ഷാ ചാണക്യതന്ത്രങ്ങളുമായി അണിയറയിൽ നിറയുമ്പോഴും അരങ്ങിൽ മോദി തന്നെ. ഗുജറാത്തിൽ ആടിയുലഞ്ഞ ബിജെപിക്ക് രക്ഷയായത്, സംസ്ഥാന നേതാക്കളല്ല, പ്രധാനമന്ത്രിയാണ്. അമിത് ഷാ പോലും മാറിനിന്നു.

സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളേക്കാൾ മോദിക്ക് പറയാനുണ്ടായിരുന്നത് കേന്ദ്രത്തിന്റെ പദ്ധതികളായിരുന്നു. വികസനങ്ങളുടെ വലിയൊരു കാലം കാത്തിരിക്കുന്നെന്ന് ഗുജറാത്തിനെ അദ്ദേഹം മോഹിപ്പിച്ചു. 2014ൽ പ്രധാനമന്ത്രിയായപ്പോഴാണ് മോദി ഗാന്ധിനഗർ ഉപേക്ഷിച്ചത്. അപ്പോഴേക്കും നാലു തവണ ഗുജറാത്തിന്റെ മ‌ുഖ്യമന്ത്രി പദം നാലുതവണ അദ്ദേഹം വഹിച്ചു. ആനന്ദിബെൻ പട്ടേലും വിജയ് രൂപാണിയും പിൻഗാമികളായി. അവരുടെ ഭരണം മൂന്നു വർഷം പിന്നിട്ടു. പക്ഷെ ഇപ്പോഴും ഗുജറാത്തിൽ ബിജെപിക്ക് വിജയിക്കാൻ മോദി വേണം. മോദീപ്രഭാവം പെട്ടെന്ന് മായുന്നതല്ലെന്ന് ഈ തിരഞ്ഞെടുപ്പ് വിജയങ്ങളും അടിവരയിടുന്നു.