തിരഞ്ഞെടുപ്പു വിജയം സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലം: നരേന്ദ്ര മോദി

ന്യൂഡൽഹി∙ ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തിരഞ്ഞെടുപ്പു വിജയം ബിജെപിയുടെ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തെ അഭിവാദ്യം ചെയ്യുന്നു. അവരുടെ ശ്രമങ്ങളാണ് പാർട്ടിയുടെ വലിയ വിജയത്തിനു കാരണമായതെന്നും മോദി പറഞ്ഞു.

ബിജെപിയിൽ വിശ്വാസമർപ്പിച്ച ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങള്‍ക്കു മുൻപിൽ തല കുനിക്കുന്നു. ജനോപകാരപ്രദമായ വികസനം നടത്തുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു. നിങ്ങൾക്കായി അക്ഷീണം പരിശ്രമിക്കുകയും ചെയ്യും – മോദി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.

ഗുജറാത്തിലേത് കുടുംബവാഴ്ചയ്ക്കെതിരായ വിജയം: അമിത് ഷാ

നരേന്ദ്ര മോദി മോദി സർക്കാരിന്റെ നയങ്ങളുടെയും വികസനപ്രവർത്തനങ്ങളുടെയും വിജയമാണ് ഗുജറാത്തിലേതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പ്രധാനമന്ത്രിയുടെ വികസനപദ്ധതികളിൽ വിശ്വാസമർപ്പിച്ച് വൻവിജയം സമ്മാനിച്ച ഹിമാചൽ പ്രദേശിലെ ജനങ്ങളോട് നന്ദി പറയുന്നു. ധൂമലിനെയും എല്ലാ പ്രവർത്തകരെയും അഭിനന്ദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ഗുജറാത്തിനെയും ഹിമാചൽ പ്രദേശിനെയും സേവിക്കാൻ ഒരിക്കൽ കൂടി അവസരം തന്നെ അവിടുത്തെ ജനങ്ങൾക്ക് നന്ദി പറയുന്നു. കുടുംബവാഴ്ചയ്ക്കും ജാതി രാഷ്ട്രീയത്തിനുമെതിരായ വിജയമാണു ബിജെപിയുടേത്. ഹിമാചൽ പ്രദേശിലെ മൂന്നിൽ രണ്ടു ജനങ്ങളും വികസനത്തിൽ പ്രധാനമന്ത്രിക്കൊപ്പം ചേർന്നിരിക്കുകയാണ്. 2019ലും ജനങ്ങൾ മോദിക്കൊപ്പം അണിനിരക്കുമെന്ന് ഉറപ്പാണ്. കർണാടകയിലടക്കം വരാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.