ജനം തള്ളിയ വിദ്വേഷ രാഷ്ട്രീയം ഇനിയെങ്കിലും ഉപേക്ഷിക്കൂ: മോദിയോട് രാഹുൽ

ന്യൂഡൽഹി∙ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത പ്രഹരമാണു ലഭിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി തുടർന്നുവരുന്ന രാഷ്ട്രീയ പ്രചാരണ രീതികളൊന്നും ഇനി ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്ന സൂചന കൂടിയാണ് തിരഞ്ഞെടുപ്പുഫലം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിനയങ്ങളുമായി മോദി സഞ്ചരിക്കുന്നുണ്ടെങ്കിലും ജനങ്ങൾ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഗുജറാത്തിൽ മോദി നടപ്പാക്കിയ മാതൃക ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു. അതിന്റെ മാർക്കറ്റിങ്ങും പ്രചാരണവുമെല്ലാം നന്നായിരുന്നു പക്ഷേ ഉള്ള് പൊള്ളയായിരുന്നെന്നു മാത്രം. കോണ്‍ഗ്രസ് പ്രചാരണങ്ങൾക്കു കൃത്യമായ മറുപടി നൽകാൻ പോലും ബിജെപിക്കായില്ല. തിരഞ്ഞെടുപ്പുഫലത്തോടെ പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും വിശ്വാസ്യത ചോദ്യചിഹ്നമായിരിക്കുകയാണ്.

സ്നേഹത്തിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് ഗുജറാത്തിൽ നടപ്പാക്കിയത്. വിദ്വേഷത്തിന്റെയും പണാധിപത്യത്തിന്റെയും ബിജെപി രാഷ്ട്രീയം സ്നേഹത്തിന്റെ രാഷ്ട്രീയത്തിനു മുന്നിൽ ഒന്നുമല്ലെന്നു ഗുജറാത്തിലെ ജനങ്ങൾ മോദിക്കു പഠിപ്പിച്ചു കൊടുത്തു– രാഹുൽ പറഞ്ഞു. ഗുജറാത്തിൽ 182 നിയമസഭാ സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 80 സീറ്റാണ് കോൺഗ്രസ് സഖ്യം നേടിയത്. 2012ൽ 61 സീറ്റുണ്ടായിരുന്നതാണ് കോൺഗ്രസ് ഉയർത്തിയത്. 2012ൽ 115 സീറ്റുണ്ടായിരുന്ന ബിജെപി 99ലേക്ക് ഒതുങ്ങി.