ഇന്ദിരയുടെ കാലത്ത് കോൺഗ്രസ് ഭരിച്ചത് 18 സംസ്ഥാനങ്ങളിൽ, നമ്മൾ 19ലും: മോദി

ന്യൂഡൽഹി∙ തിളക്കം മങ്ങിയെങ്കിലും ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഭരണം പിടിക്കാനായ സന്തോഷം ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ വികാരാധീനനായി പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ 18 സംസ്ഥാനങ്ങളേ കോൺഗ്രസിനു ഭരിക്കാനായുള്ളൂ. ഇന്ന് ബിജെപി ഭരിക്കുന്നത് 19 സംസ്ഥാനങ്ങളിലാണ്. 1984ൽ രണ്ട് സീറ്റ് ഉണ്ടായിരുന്ന പാർട്ടിയാണ് ഇന്ന് ഈ നിലയിൽ എത്തിയിരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

2019ൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെക്കറിച്ചും അതിനു മുന്നോടിയായി മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോദി സഹപ്രവർത്തകർക്കു മുന്നറിയിപ്പു നൽകി. തുടർച്ചയായ ആറാം തവണയാണു ഗുജറാത്ത് ബിജെപി നേടുന്നത്. കോൺഗ്രസിൽനിന്ന് ഹിമാചൽ പ്രദേശും ഇത്തവണ പിടിച്ചെടുത്തു. ഇതോടെയാണ് 19 സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നടത്തുന്നത്. ഇതിൽ അഞ്ചിടത്ത് സഖ്യകക്ഷി ഭരണമാണ്.

പരാജയത്തിലും വിജയം തേടുന്ന കോൺഗ്രസിന്റെ ശ്രമം ചിരിയുണർത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട കേന്ദ്രമന്ത്രി അനന്ത്കുമാർ അറിയിച്ചു. ഗുജറാത്ത് വിജയം പ്രധാനമന്ത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന രാഹുലിന്റെ പരാമർശത്തോട്, അനാവശ്യമായ പ്രചാരണങ്ങളും പ്രസ്താവനകളും നടത്തിയത് പ്രതിപക്ഷമാണ്, പ്രധാനമന്ത്രിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്തു, അതു അനാവശ്യമാണെന്നുമായിരുന്നു അനന്ത്കുമാറിന്റെ പ്രസ്താവന.

രാജ്യമെങ്ങും ബൂത്ത്തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഓർമിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.