വിവാഹിതരാകും മുൻപ് ബിജെപിയുടെ അനുമതി വാങ്ങൂ: ‘ഉപദേശ’വുമായി കോൺഗ്രസ്

ന്യൂഡൽഹി ∙ ഇറ്റലിയിൽവച്ച് വിവാഹം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് രാജ്യസ്നേഹമില്ലെന്ന ബിജെപി എംഎൽഎയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ, ബിജെപിയെ കണക്കിന് പരിഹസിച്ച് കോൺഗ്രസ് രംഗത്ത്. വിവാഹവേദിയും ജീവിത പങ്കാളിയെയും തീരുമാനിക്കും മുൻപ് ബിജെപിക്കാരോട് അനുവാദം വാങ്ങണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല യുവാക്കളെ ‘ഉപദേശിച്ചു’. ട്വിറ്ററിലൂടെയായിരുന്നു സുർജേവാലയുടെ പരിഹാസം.

ഇന്ത്യയിലെ എല്ലാ യുവതീയുവാക്കളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് സുർജേവാലയുടെ ട്വീറ്റ്.  ‘പൊതുജന ജനതാൽപര്യാർഥം പ്രസിദ്ധീകരിക്കുന്നത്’ എന്ന അടിക്കുറുപ്പും ട്വീറ്റിനൊപ്പമുണ്ട്. ആരെ വിവാഹം കഴിക്കണം, എവിടെവച്ച് വിവാഹം നടത്തണം, വിവാഹച്ചടങ്ങുകൾ എപ്രകാരം നടത്തണം, വിരുന്നിലെ വിഭവങ്ങൾ എന്തൊക്കെയാകണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കും മുൻപ് ബിജെപിക്കാരുടെ അനുവാദം വാങ്ങൂ എന്ന ഉപദേശമാണ് സുർജേവാല നൽകുന്നത്.

നേരത്തെ, ബോളിവുഡ് താരം അനുഷ്ക ശർമയുമായുള്ള വിവാഹച്ചടങ്ങുകൾ നടത്താൻ ഇറ്റലി തിരഞ്ഞെടുത്തതോടെയാണ് കോഹ്‍ലിയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്ത് മധ്യപ്രദേശിലെ ഗുണയിൽനിന്നുള്ള ബിജെപി എംഎൽഎ പന്നാലാൽ ശാഖ്യ രംഗത്തെത്തിയത്. ഗുണയിൽ ഒരു ‘സ്കിൽ ഇന്ത്യ സെന്റർ’ ഉദ്ഘാടനം ചെയ്തപ്പോഴാണ് തന്റെ സംശയം അദ്ദേഹം പൊതുജനസമക്ഷം ഉയർത്തിയത്.

ഇന്ത്യയിൽനിന്നാണ് വിരാട് കോഹ്‌ലി പണമുണ്ടാക്കിയത്. ഇന്ത്യയാണ് അദ്ദേഹത്തിന് പണം നൽകിയതും. എന്നിട്ടും വിവാഹം കഴിക്കാൻ ഇവിടെ ഒരു സ്ഥലവും അദ്ദേഹം കണ്ടില്ല. ഹിന്ദുസ്ഥാൻ അത്രയ്ക്ക് തൊട്ടുകൂടാത്തതാണോ? – ശാഖ്യ ചോദിച്ചു.

രാമനും കൃഷ്ണനും വിക്രമാദിത്യനും യുധിഷ്ഠിരനുമെല്ലാം ഈ നാട്ടിൽവച്ച് വിവാഹം കഴിച്ചവരാണ്. നമ്മളെല്ലാം വിവാഹം കഴിച്ചതും ഇവിടെവച്ചു തന്നെ. വിവാഹം കഴിക്കാനായി നമ്മളാരും വിദേശരാജ്യങ്ങൾ തേടി പോയിട്ടില്ല. ഇവിടെനിന്ന് കോടിക്കണക്കിന് രൂപ സമ്പാദിച്ച കോഹ്‍ലി കോടികളാണ് ഇറ്റലിയിൽ കൊണ്ടുപോയി കൊടുത്തത്. ഈ രാജ്യത്തോട് കോഹ്‍ലിക്ക് എന്തെങ്കിലും ബഹുമാനമുണ്ടെന്ന് തോന്നുന്നില്ല. കോഹ്‍ലി ഒരു ദേശസ്നേഹിയല്ലെന്ന് ഇതിൽനിന്ന് വ്യക്തമല്ലേയെന്നും ശാഖ്യ ചോദിച്ചിരുന്നു.

സ്കിൽ ഇന്ത്യ സെന്ററിൽ പരിശീലനം നേടുന്നവർ ഇവിടെത്തന്നെ ജോലി ചെയ്യണമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. അതാണ് രാജ്യത്തിനായി നിങ്ങൾക്കു ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. അല്ലാതെ ഇവിടെ വച്ച് പണം സമ്പാദിച്ച് കോഹ്‍ലിയെപ്പോലെ വിദേശത്തുപോയി അത് ചെലവഴിച്ച് മടങ്ങരുത് – ശാഖ്യ പറഞ്ഞു.