രാജ്യസഭയിൽ സച്ചിന്റെ കന്നിപ്രസംഗം; തടസ്സപ്പെടുത്തി കോൺഗ്രസ്

ന്യൂഡല്‍ഹി∙ മൈതാനത്തെ മികവ് മാത്രം പോരാ, രാഷ്ട്രീയത്തിലെന്ന് ക്രിക്കറ്റ് ഇതിഹാസം തിരിച്ചറിഞ്ഞു. രാജ്യസഭയിൽ കന്നി പ്രസംഗത്തിന് എഴുന്നേറ്റ സച്ചിൻ തെൻഡുൽക്കർക്ക് സംസാരം തുടരാനായില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനുമായി ചേർന്ന് കോൺഗ്രസ് ഉപജാപം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബഹളം വച്ചതോടെയാണ് സച്ചിന്റെ പ്രസംഗം തടസ്സപ്പെട്ടത്.

രാജ്യസഭയിലെ അസാന്നിധ്യത്തിന് ഒട്ടേറെ വിമര്‍ശനം നേരിട്ടയാളാണ് ഭാരതരത്ന ജേതാവ് കൂടിയായ സച്ചിന്‍. കുട്ടികളുടെ കളിയവകാശത്തെ കുറിച്ചുള്ള സംവാദത്തിന് തുടക്കമിട്ട്, 'കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും' എന്ന വിഷയത്തിൽ ചര്‍ച്ചയ്ക്കായി സച്ചിന്‍ നോട്ടിസ് നൽകിയിരുന്നു. ആദ്യമായാണു സഭയില്‍ സച്ചിന്‍ നോട്ടിസ് നൽകുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിഷയം അവതരിപ്പിക്കാൻ സച്ചിന് അനുമതി ലഭിച്ചു.

സ്കൂൾ കരിക്കുലത്തിൽ കായികമേഖലയെ ചേർക്കുക, രാജ്യാന്തര മെഡൽ ജേതാക്കളെ ദേശീയ ആരോഗ്യ ഗ്യാരണ്ടി പദ്ധതിയിൽ (സിജിഎച്ച്എസ്) ഉൾപ്പെടുത്തുക തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉന്നയിക്കാൻ എംപിക്ക് പദ്ധതിയുണ്ടായിരുന്നു. സംസാരിക്കാനായി സച്ചിൻ എഴുന്നേറ്റതും കോൺഗ്രസ് എംപിമാർ എണീറ്റുനിന്ന് ബഹളമുണ്ടാക്കി. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെയുള്ള ആരോപണങ്ങളിൽ നരേന്ദ്ര മോദി മാപ്പു പറയണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.

ബഹളം വീക്ഷിച്ച് പത്തു മിനിറ്റ് നേരം സച്ചിൻ ക്ഷമയോടെ കാത്തുനിന്നു. സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിർദേശങ്ങൾ എംപിമാർ ചെവികൊണ്ടില്ല. രാജ്യമാകെ സച്ചിന്റെ വാക്കുകൾക്കായി കാതോർത്തിരിക്കുകയാണ്. അംഗങ്ങൾ നിശബ്ദരാകണം. സ്പോർട്സ് ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. നിങ്ങൾക്ക് സ്പോർട്സ്മാൻ സ്പിരിറ്റില്ലെന്നും വെങ്കയ്യ നായിഡു എംപിമാരെ ശാസിച്ചു. പക്ഷേ എംപിമാർ അടങ്ങിയിരുന്നില്ല. ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു. സച്ചിന് സംസാരിക്കാൻ സാധിച്ചതുമില്ല.

സച്ചിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ‘ഇന്ത്യയുടെ കീർത്തി ലോകമാകെ എത്തിച്ച വ്യക്തിയാണ് സച്ചിൻ. അദ്ദേഹത്തിന്റെ പ്രസംഗമാണ് ഇന്നത്തെ അജൻഡയെന്ന് ഏവർക്കും അറിയാവുന്നതാണ്. ഇതു നാണക്കേടാണ്. രാഷ്ട്രീയക്കാർക്ക് മാത്രം സംസാരിച്ചാൽ മതിയോ?’– സമാജ്‍വാദി പാർട്ടി എംപി ജയ ബച്ചൻ ചോദിച്ചു. പാർലമെന്റിനു പുറത്ത് മോദി നടത്തിയ പരാമർശത്തിന്റെ പേരിൽ സഭയിൽ മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് വെങ്കയ്യ നായി‍ഡു കഴിഞ്ഞദിവസം നിലപാടെടുത്തിരുന്നു.

2012ൽ കോൺഗ്രസാണ് സച്ചിനെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് താരം സഭയിൽ പ്രസംഗിക്കാൻ തയാറായത്. 2013ല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷവും സച്ചിൻ സഭയിൽ എത്തുന്നത് കുറവായിരുന്നു. എന്നാൽ, നാമനിർദേശം ചെയ്യപ്പെട്ട എംപിമാരിൽ 98 ശതമാനം ഫണ്ടും ചെലവാക്കിയ വ്യക്തിയാണ് സച്ചിൻ. പദ്ധതികളിൽ 60 ശതമാനവും പൂർത്തിയാക്കി. സഭാംഗങ്ങൾക്കുള്ള സൻസദ് ആദർശ് ഗ്രാമ യോജന പ്രകാരം രണ്ട് ഗ്രാമങ്ങളും സച്ചിൻ ദത്തെടുത്തിട്ടുണ്ട്.