ഗുജറാത്തിൽ സെഞ്ചുറിയടിച്ച് ബിജെപി; സ്വതന്ത്രന്റെ പിന്തുണ ഭരണകക്ഷിക്ക്

ഗാന്ധിനഗർ∙ ഗുജറാത്ത് നിയമസഭയിൽ അംഗങ്ങളുടെ എണ്ണം നൂറ് തികച്ച് ബിജെപി. സെൻട്രൽ ഗുജറാത്തിൽനിന്ന് വിജയിച്ച സ്വതന്ത്രൻ രത്തൻസിങ് റാത്തോഡാണ് ഉപാധികളില്ലാതെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് നൂറംഗങ്ങളുള്ള ഭരണപക്ഷത്തെ നയിക്കാനാകും.

ആറാം തവണയും ഭരണം നേടിയ ബിജെപിക്ക് 99 സീറ്റുകളാണ് കിട്ടിയത്. രണ്ടക്കത്തിലേക്ക് പ്രകടനം ഇടിഞ്ഞത് പാർട്ടിക്ക് വലിയ ക്ഷീണമായിരുന്നു. തിരഞ്ഞെടുപ്പിനെ മുന്നിൽനിന്നു നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർക്കു വിജയത്തിനിടയിലും സന്തോഷിക്കാൻ സാധിക്കാതെയായി. എന്നാൽ, രത്തൻസിങ്ങിന്റെ പിന്തുണയോടെ ആ പേരുദോഷം മാറ്റി മൂന്നക്കത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബിജെപി.

കോൺഗ്രസിൽനിന്ന് പുറത്തായപ്പോഴാണ് രത്തൻസിങ് സ്വതന്ത്രനായി മൽസരിക്കാൻ‌ തീരുമാനിച്ചത്. ആകെയുള്ള 182 അംഗ നിയമസഭയിൽ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 99 സീറ്റുകൾ നേടി ഭരണത്തുടർച്ച നേടിയിട്ടും മോദിയുടെ ജന്മനാട്ടിൽ ബിജെപിയുടെ പ്രകടനം മോശമായി എന്നായിരുന്നു വിലയിരുത്തൽ. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ബിജെപി നൂറിൽ താഴെ സീറ്റിലേക്ക് കൂപ്പുകുത്തിയത്.

അതേസമയം, ശക്തമായ മൽസരം കാഴ്ചവച്ച കോൺഗ്രസ് തനിച്ച് 77 സീറ്റുകളിൽ വിജയിച്ചു. ജിഗ്നേഷ് മെവാനി ഉൾപ്പെടെ മൂന്ന് സ്വതന്ത്രരരുടെ പിന്തുണയോടെ 80 സീറ്റുകൾ കോൺ‌ഗ്രസ് സഖ്യം നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 116, കോൺഗ്രസ് 60 എന്നിങ്ങനെയായിരുന്നു കക്ഷിനില.