Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷം തടഞ്ഞ ‘കന്നിപ്രസംഗ’വുമായി ഫെയ്സ്ബുക് ലൈവിൽ സച്ചിൻ

Sachin Tendulkar

ന്യൂഡല്‍ഹി∙ രാജ്യസഭയിൽ സാധ്യമാകാതെ പോയ കന്നിപ്രസംഗവുമായി ക്രിക്കറ്റ് ഇതിഹാസം ഫെയ്സ്ബുക് ലൈവിൽ. മൈതാനത്ത് മാന്ത്രിക സ്ട്രോക്കുകൾ പുറത്തെടുക്കാറുള്ള സച്ചിൻ തെൻഡുൽക്കർ പൊതുപ്രവർത്തന ജീവിതത്തിലും ആ വിസ്മയം കാത്തുവച്ചു. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ പ്രസംഗം.

അഞ്ചു വർഷത്തിനിടെ ആദ്യമായി രാജ്യസഭയിൽ പ്രസംഗിക്കാൻ എഴുന്നേറ്റ സച്ചിൻ തെൻഡുൽക്കർക്ക് കോൺഗ്രസ് എംപിമാരുടെ ബഹളത്തെ തുടർന്ന് വ്യാഴാഴ്ച സംസാരിക്കാനായില്ല. കളിക്കാനുള്ള അവകാശത്തെയും രാജ്യത്തിന്റെ കായികഭാവിയെയും കുറിച്ചു ഹ്രസ്വചർച്ച തുടങ്ങിവയ്ക്കാനായിരുന്നു സച്ചിന്റെ ശ്രമം. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനുമായി ചേർന്ന് കോൺഗ്രസ് ഉപജാപം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ബഹളം വച്ചതോടെയാണ് പ്രസംഗം തടസ്സപ്പെട്ടത്.

സഭാധ്യക്ഷൻ എം.വെങ്കയ്യ നായിഡു സച്ചിനെ വിളിക്കാനൊരുങ്ങിയപ്പോൾ 2ജി പ്രശ്നമുന്നയിച്ചു സമാജ്‍വാദി നേതാവ് നരേഷ് അഗർവാൾ ക്രമപ്രശ്നമുന്നയിച്ചു. പിന്നാലെ, രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് അംഗങ്ങൾ സഭ സ്തംഭിപ്പിക്കുകയായിരുന്നു. രാജ്യസഭയിലെ അസാന്നിധ്യത്തിന് ഒട്ടേറെ വിമര്‍ശനം നേരിട്ടയാളാണ് ഭാരതരത്ന ജേതാവ് കൂടിയായ സച്ചിന്‍. ആദ്യമായാണു സഭയില്‍ അദ്ദേഹം നോട്ടിസ് നൽകിയത്. എന്നാൽ, പ്രസംഗിക്കാൻ സാധിക്കാത്തത് സച്ചിനെ വിഷമിപ്പിച്ചു. തുടർന്നാണ് താരം ഫെയ്സ്ബുക് ലൈവിൽ പ്രത്യക്ഷപ്പെട്ടത്.

ഇന്നലെ ചില കാര്യങ്ങൾ (സഭയിൽ) പറയണമെന്നുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല എന്ന മുഖവുരയോടെയാണ് സച്ചിൻ തുടങ്ങിയത്. ‘കളികൾ ഇഷ്ടപ്പെടുന്ന രാജ്യം എന്ന നിലയിൽനിന്നു കളിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതാണ് ആഗ്രഹം. ശാരീരികക്ഷമതയ്ക്ക് പ്രഥമ പരിഗണന കൊടുക്കണം. യൗവ്വനവും വികസനവുമുള്ള രാജ്യമെന്ന നിലയ്ക്ക് ഫിറ്റ്നസ് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും കായിക ഇനത്തിൽ സജീവമാകുന്നത് ഈ ലക്ഷ്യം നേടാൻ സഹായിക്കും. ഇതാണ് എന്റെ സ്വപ്നം. ഇത് നമ്മുടെ ഏവരുടെയും സ്വപ്നമാകണം. ഓർക്കുക, സ്വപ്നങ്ങളാണ് യാഥാർഥ്യമാകുക. ജയ്ഹിന്ദ്– സച്ചിൻ പറഞ്ഞു. വിഡിയോയുടെ മുഖവുരയായും ഈ വാചകങ്ങൾ ചേർത്തിട്ടുണ്ട്.

‘ഞാൻ സ്പോർട്സ് ഇഷ്ടപ്പെടുന്നു. ക്രിക്കറ്റായിരുന്നു എന്റെ ജീവിതം. എന്റെ പിതാവ് പ്രഫ. ഉമേഷ് തെൻഡുൽക്കർ സാഹിത്യകാരനായിരുന്നു. എന്തുവേണമെങ്കിലും ജീവിതത്തിൽ തിരഞ്ഞെടുക്കാൻ അദ്ദേഹം സ്വാതന്ത്ര്യവും പിന്തുണയും നൽകി. കളിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്മാനം. അത് കളിക്കാനുള്ള അവകാശം കൂടിയായിരുന്നു. ആരോഗ്യമുള്ള ഇന്ത്യയാണ് എന്റെ ലക്ഷ്യം. ലോകത്തിൽ പ്രമേഹത്തിന്റെ തലസ്ഥാനമാണ് ഇന്ത്യ. 75 ദശലക്ഷം പേരാണ് പ്രമേഹത്തോടു മല്ലിടുന്നത്.

‘അമിതവണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ മൂന്നാമതാണ് നമ്മൾ. ഇതുപോലുള്ള രോഗങ്ങളെ തുടർന്നുള്ള സാമ്പത്തിക ബാധ്യത രാജ്യത്തിന്റെ പുരോഗതിക്കു തടസ്സമാണ്. പലപ്പോഴും ഭക്ഷണത്തിനു മുന്നിൽ നമ്മൾ കായികക്ഷമതയെ ഒഴിവാക്കുന്നു. ഈ ശീലം മാറണം. നമ്മളിൽ കൂടുതൽപേരും ഇതെല്ലാം ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ യാഥാർഥ്യത്തോടടുക്കുമ്പോൾ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ കായിക സംസ്കാരം കൂടുതലാളുകളെ ഉൾക്കൊള്ളിച്ച് സജീവമാക്കി വികസിപ്പിക്കേണ്ടതുണ്ട്.

‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മികച്ച കായിക സംസ്കാരമുണ്ട്. ജനസംഖ്യയുടെ നാല് ശതമാനമേ ഉള്ളൂവെങ്കിലും അവരുടെ കായിക താൽപര്യം ആകർഷകമാണ്. ബോക്സിങ് താരം മേരി കോം, ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ, മിരാഭായ് ചാനു, ദീപ കർമാകർ ഉൾപ്പെടെ എത്രയോ കായികതാരങ്ങളെ അവർ സംഭാവന ചെയ്തിരിക്കുന്നു’– 15.30 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ സച്ചിൻ വിശദീകരിച്ചു.

സ്കൂൾ കരിക്കുലത്തിൽ കായികമേഖലയെ ചേർക്കുക, രാജ്യാന്തര മെഡൽ ജേതാക്കളെ ദേശീയ ആരോഗ്യ ഗ്യാരണ്ടി പദ്ധതിയിൽ (സിജിഎച്ച്എസ്) ഉൾപ്പെടുത്തുക തുടങ്ങി ഒട്ടേറെ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ സച്ചിന് പദ്ധതിയുണ്ടായിരുന്നു. 2012ൽ കോൺഗ്രസാണ് സച്ചിനെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. നാമനിർദേശം ചെയ്യപ്പെട്ട എംപിമാരിൽ 98 ശതമാനം ഫണ്ടും ചെലവാക്കിയ വ്യക്തിയാണ് സച്ചിൻ. രണ്ട് ഗ്രാമങ്ങളും ദത്തെടുത്തിട്ടുണ്ട്. സഭയിൽ ഹാജരാകാറില്ലെന്ന വിമർശനം മറികടന്ന് പ്രസംഗിക്കാൻ ഒരുങ്ങിയ താരത്തിനു പക്ഷേ ആ ഉദ്യമം നിറവേറ്റാനായില്ല.

related stories