മോദിയുടെയും രാഹുലിന്റെയും ക്ഷേത്ര ദർശനം വോട്ടുബാങ്ക് രാഷ്ട്രീയം: ഒവൈസി

ഹൈദരാബാദ്∙ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ക്ഷേത്രദർശനം നടത്തുന്നതിനെ വിമർശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീൻ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഇരുവരുടെയും ക്ഷേത്രദർശനം വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് ഒവൈസി ആരോപിച്ചു.

‘ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണമല്ല നടത്തിയത്. പരമാവധി ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് ഇരുകൂട്ടരും ശ്രദ്ധിച്ചത്. മോദിയും രാഹുലും മൽസരിച്ച് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതു വോട്ട് ബാങ്ക് രാഷ്​ട്രീയമാണ്. വരുന്ന പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എന്താണ് പ്രചാരണ യാത്രയെന്ന് താൻ കാണിച്ചു കൊടുക്കും’– ഒവൈസി പറഞ്ഞു.

തന്റെ യാത്രയിൽ പള്ളികളും ദര്‍ഗകളും സന്ദര്‍ശിക്കും. പച്ചക്കൊടി പിടിക്കും. അവർ രണ്ടുപേരും കാവി ധരിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും ഒവൈസി വ്യക്തമാക്കി. പ്രചാരണത്തിന്‍റെ അവസാന ദിവസം സബര്‍മതി നദിയിലെ മോദിയുടെ സീപ്ലെയിൻ യാത്രയെയും ഒവൈസി പരിഹസിച്ചു. ഡിസംബര്‍ 12ന് വോട്ടര്‍മാരെ കാണാനും അനുഗ്രഹം തേടാനുമായി മോദിയും രാഹുലും ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് അംഗങ്ങളെ കാണാൻ രാഹുൽ ഗുജറാത്തിൽ എത്തിയപ്പോൾ സോമനാഥ ക്ഷേത്രവും സന്ദർശിച്ചു.