Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താമരശ്ശേരി ചുരത്തിൽ ചരക്കു വാഹനങ്ങൾക്കും ബസുകൾക്കും നിയന്ത്രണം

Hairpin

താമരശ്ശേരി ∙ ഗതാഗതക്കുരുക്കു രൂക്ഷമായ താമരശ്ശേരി ചുരത്തിലൂടെ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നതിന് താത്കാലികമായി വിലക്കേർപ്പെടുത്തി. സ്വകാര്യ ബസുകൾ, മൾട്ടി ആക്സിൽ ബസുകൾ, ചരക്കു വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വിലക്ക്. പകരം കുറ്റ്യാടി ചുരം ഉപയോഗിക്കാനും പൊലീസ് നിർദേശം നൽകി. ഇതു ലംഘിച്ച് കടന്നുവരുന്ന വാഹനങ്ങൾ ലക്കിടിയിൽ തടഞ്ഞ് തിരിച്ചയക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

വയനാട് ചുരം റോഡിൽ വലിയ വാഹനങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചുരത്തിലെ കുരുക്ക് അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഏറെ നാളുകൾക്കുശേഷം യാത്രക്കാർ സുഗമമായി ചുരം കയറിയിറങ്ങി. പൊട്ടിപ്പൊളിഞ്ഞ മുടിപിൻ വളവുകളിൽ വലിയ ചരക്കു വാഹനങ്ങൾ കുടുങ്ങിയതായിരുന്നു രൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണം.

ചൊവ്വാഴച കലക്ടർ യു.വി.ജോസ് താമരശ്ശേരി താലൂക്ക് ഓഫിസിൽ വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരം വാഹന പരിശോധനയ്ക്കായി അടിവാരത്ത് താൽക്കാലിക ചെക്കു പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ‍ റോഡിന്റെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ അത്ര പുരോഗതിയില്ല. പത്തു ദിവസം കൊണ്ട് റോഡിലെ കുഴി അടയ്ക്കാനാണ് ഉദ്യോഗതല യോഗത്തിലെ തീരുമാനം. 

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതോടൊപ്പം വളവുകൾ വീതി കൂട്ടി ഇന്റർ ലോക്ക് ടൈൽസ് പാകുന്നതിനുള്ള നടപടിയും ത്വരിതപ്പെടുത്തേണ്ടതുണ്ട്. ഇതിനായി വനം വകുപ്പിൽ നിന്നും വിട്ടു കിട്ടേണ്ട സ്ഥലത്തിന് ദേശീയ പാതവകുപ്പ് ഭൂമിയുടെ വിലയായി 9.29ലക്ഷവും വൃക്ഷങ്ങളുടെയും മറ്റും നഷ്ടമായി 22.45 ലക്ഷവും അടച്ചു മാസങ്ങൾ കഴിഞ്ഞിട്ടും പണം അടച്ചതിലുണ്ടായ സാങ്കേതിക പിഴവ് പരിഹരിക്കാതെ നടപടി നീണ്ടു പോകുകയാണ്.

related stories